ദേശീയപാത നിർമാണം: മതിൽ പൊളിക്കാനെത്തിയ ജീവനക്കാരെ നാട്ടുകാർ തടഞ്ഞു; സംഘർഷം

Mail This Article
ചെർക്കള∙ ദേശീയപാത നിർമാണത്തിന് ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം അനുവദിക്കാത്ത സ്ഥലത്തെ മതിൽ പൊളിച്ചു മാറ്റാനെത്തിയ നിർമാണ കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഒടുവിൽ പൊലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.ചെങ്കള ബേവിഞ്ച പുതിയ വീട്ടിലെ സഹോദരങ്ങളായ എം.ടി.ബഷീർ,എം.ടി.അഹമ്മദലി എന്നിവരുടെ വീടിന്റെ മതിലുകൾ പൊളിക്കാനെത്തിയ സംഘത്തെയാണ് ഇന്നലെ രാവിലെ പത്തോടെ പഞ്ചായത്ത് അംഗം സത്താർ പള്ളിയാന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. ഇരുവരുടെയും വീടിന്റെ ഏറിയ ഭാഗവും ദേശീയപാത നിർമാണത്തിന് പൊളിച്ചുമാറ്റേണ്ടതുണ്ട്.
ബഷീറിന്റെ സ്ഥലത്തിനും വീടിനുമായി 2.80 കോടിയും അഹമ്മദലിയുടെയതിന് 2.70 കോടിയും കലക്ടർ അനുവദിച്ചിരുന്നു. എന്നാൽ പൊളിച്ചുനീക്കുന്നതിന് ശേഷം മാത്രമേ നഷ്ടപരിഹാരം നൽകാനാകൂ എന്നും വീടിന് മുഴുവൻ പണം നൽകാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചത്. പാതി പൊളിച്ചു മാറ്റുന്ന വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നും വീടിന് പൂർണമായും നഷ്ടപരിഹാരം ലഭിക്കണമെന്നുമുള്ള ആവശ്യവുമായി സഹോദരങ്ങൾ കോടതിയിലും ദേശീയപാത അതോറിറ്റിയിലും ഹർജി നൽകിയിരുന്നു.

ഇതു സംബന്ധിച്ചുള്ള തർക്കം ചർച്ച ചെയ്യുന്നതിനായി നാളെ രാവിലെ 11ന് കലക്ടർ യോഗം വിളിച്ചിരുന്നു. ഇതിനിടെ മതിൽ പൊളിക്കാനെത്തിയതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്ന് പഞ്ചായത്ത് അംഗം സത്താർ പള്ളിയാൻ പറഞ്ഞു. ഡപ്യൂട്ടി കലക്ടർ ഉൾപ്പെടെയുള്ളവർ നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും അനുനയിപ്പിക്കാനായില്ല. ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നിർമാണ പ്രവൃത്തി തടഞ്ഞവരെ മുൻകരുതൽ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്കു മാറ്റി.
എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊതു പ്രവർത്തകരും സ്റ്റേഷനിലെത്തിയിനുശേഷമാണ് അറസ്റ്റ് ചെയ്ത 10 പേരെ വിട്ടയച്ചത്. ദേശീയപാതയുടെ നിർമാണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തെന്നു പൊലീസ് പറഞ്ഞു. നേരത്തെ റവന്യൂ അധികൃതർ വീടിന്റെ മുൻഭാഗത്തെ പില്ലർ കഴിഞ്ഞ് വാതിൽ പടിയിൽ മാർക്ക് ചെയ്തിരുന്നു. ഇത് വീടിന്റെ മൊത്തത്തിലുള്ള നിലനിൽപ്പിനെ ബാധിക്കുമെന്നും പൂർണമായും വീട് എടുത്തുകൊള്ളണമെന്നും ആവശ്യപ്പെട്ടാണ് സഹോദരങ്ങൾ ഹൈക്കോടതിയിലും ദേശീയപാത അധികൃതർക്കും ഹർജി നൽകിയത്.
ഇരുവീടുകളിലും അസുഖക്കാരെ പുറത്തിറക്കാൻ ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ചെയ്തുതരണമെന്നും കൃത്യമായി സർവീസ് റോഡ് മാർക്ക് ചെയ്യണമെന്നും പുറത്തിറങ്ങാനുള്ള വഴി വരച്ചു തരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ഇന്നു പ്രതിഷേധ യോഗം ചേരുമെന്ന് നാട്ടുകാർ അറിയിച്ചു.