ആരു മാറ്റും, ഈ അപകടവളവ്? മൂന്നാംകടവിലെ കൊടുംവളവിൽ വീണ്ടും വാഹനാപകടം

Mail This Article
പെരിയ ∙ അപകടങ്ങൾ തുടർക്കഥകളാകുന്ന മൂന്നാംകടവിലെ കൊടുംവളവിൽ വീണ്ടും വാഹനാപകടം. കർണാടക സ്വദേശികളായ ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. കർണാടകയിൽനിന്നു കാഞ്ഞങ്ങാട്ടേക്കു തണ്ണിമത്തനുമായി വരികയായിരുന്ന പിക്കപ് വാനാണു തിങ്കളാഴ്ച രാത്രി മൂന്നാംകടവ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. റോഡിൽനിന്നു തെന്നിമാറി മറിഞ്ഞ വാഹനം പിൻവശത്തെ ടയർ ഓവുചാലിൽ കുടുങ്ങിയതിനാൽ താഴ്ചയിലേക്കു മറിയാതെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ അപകടത്തിൽപെട്ടവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബേക്കൽ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൂന്നാംകടവിൽ മുൻപ് അപകടങ്ങളുണ്ടായ അതേസ്ഥലത്താണ് ഇത്തവണയും വാഹനം മറിഞ്ഞത്.
എളുപ്പമാർഗം, ഭീതിവിതച്ച് എസ് വളവ്
കാഞ്ഞങ്ങാടു ഭാഗത്തുനിന്നു കുണ്ടംകുഴി–ബന്തടുക്ക ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനുള്ള റോഡെന്ന നിലയിലാണു മൂന്നാംകടവിൽ പാലം വന്നതെങ്കിലും പാലത്തോടു ചേർന്നുള്ള ‘എസ്’ വളവ് ഇപ്പോൾ വാഹനയാത്രക്കാരിൽ ഭീതിപരത്തുകയാണ്. 10 വർഷത്തിനിടെ ഇവിടെയുണ്ടായ 4 വാഹനാപകടങ്ങളിൽ നാലു ജീവനുകളാണു പൊലിഞ്ഞത്. കുഴൽക്കിണർ നിർമാണത്തിനെത്തിയ ലോറിയും വൈദ്യുതതൂൺ കയറ്റി പോകുകയായിരുന്ന ലോറിയും മറിഞ്ഞാണു രണ്ടുപേർ മരിച്ചത്. സ്വകാര്യ ബസും റിക്ഷയും മറിഞ്ഞാണു മറ്റു രണ്ടു പേരുടെ മരണം.
ഇതിനിടെ ഇവിടെയുണ്ടായ ചെറുതും വലുതുമായ അപകടങ്ങളിൽ സാരമായി പരുക്കേറ്റവർ ഒട്ടേറെ. നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇവിടെ അപകടമുണ്ടാകാൻ കാരണമെന്നാണു പ്രദേശവാസികൾ പറയുന്നത്. കുത്തനെയുള്ള ഇറക്കവും വളവുമാണു പ്രധാന ‘വില്ലൻ’. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഏറെയും അപകടങ്ങളുണ്ടാകുന്നത്. രണ്ടു മാസം മുൻപു ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടകസംഘം സഞ്ചരിച്ച ബസ് വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.
മൂന്നാംകടവ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് പില്ലറിലിടിച്ചു നിന്നു. വളവും കയറ്റവും ഒഴിവാക്കാൻ പാലത്തിലേക്കുള്ള റോഡിന്റെ അലൈൻമെന്റ് തന്നെ മാറ്റാൻ അധികൃതർ തീരുമാനമെടുത്തെങ്കിലും തുടർനടപടി നീളുകയാണ്. രണ്ടുതവണ പ്രദേശത്തു സർവേ നടത്തി. തീരുമാനം വൈകുന്തോറും ‘മരണവളവി’ൽ അപകടങ്ങളും വർധിക്കുമോയെന്നാണു നാട്ടുകാരുടെ ആശങ്ക.