ADVERTISEMENT

പുനലൂർ ∙ കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ എൻജിന്റെ ശേഷി 3000 എച്ച്പിയിൽ നിന്നും 4500 എച്ച്പി ആക്കി വർധിപ്പിച്ചതോടെ  ഈ റൂട്ടിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് ശക്തിയേറുന്നു.  നേരത്തെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായി റെയിൽവേ ഓപ്പറേഷൻസ് വിഭാഗം പറഞ്ഞിരുന്നത് 3000 എച്ച്പി എൻജിന് കൂടുതൽ ബോഗികൾ വലിച്ചുകൊണ്ട് പോകുന്നതിനുള്ള ശേഷിയില്ലെന്നാണ്. നിലവിൽ 14 കോച്ചുകളാണ് ഈ പാതയിൽ ഉള്ളത്. കോവിഡിനു മുൻപ് ഇടയ്ക്ക് 16 കോച്ചുകൾ വരെ അനുവദിച്ചിരുന്നതാണ്.

നിലവിൽ സ്ലീപ്പർ കോച്ചുകളിൽ 72 ബർത്തും എൽഎച്ച്ബി കോച്ചിൽ 80 ബർത്തുമാണ് ഉള്ളത്. തേർഡ് എസി ആണെങ്കിൽ ഇത്  64, 70 എന്നിങ്ങനെയാണ്. എന്തായാലും 4 ബോഗികളുടെ എണ്ണം വർധിപ്പിച്ചാൽ  250 യാത്രക്കാരെ ഉൾപ്പെടുത്താൻ സാധിക്കും.  ചെന്നൈ –എഗ്‌മൂർ - കൊല്ലം എക്സ്പ്രസിൽ 686 റിസർവേഷൻ സീറ്റുകളാണുള്ളത്. ഇതിൽ പകുതി കേരളത്തിൽ നിന്നും ബാക്കിയുള്ളത് തമിഴ്നാട്ടിലെ ചെങ്കോട്ട മുതലുള്ള സ്റ്റേഷനുകളിൽ നിന്നും ഉള്ളതാണ്.

ഈ പാതവഴി സർവീസ് നടത്തുന്ന ട്രെയിനുകളായ ചെന്നൈ –എഗ്‌മൂർ - കൊല്ലം എക്സ്പ്രസ്, എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകൾ കുറവായത് യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ്. 14 കോച്ചുകൾ മാത്രമാണ് ഇവയിലുള്ളത്. ഈ സർവീസുകളിൽ ടിക്കറ്റ് ലഭിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമായി മാറിക്കഴിഞ്ഞു. ഈ പ്രശ്നം കാരണം ചെന്നൈ - കൊല്ലം പാതയുടെ ഭാഗമായ ചെങ്കോട്ട - പുനലൂർ പാതയിൽ ഗേജ് മാറ്റം പൂർത്തിയായിട്ടും ജനങ്ങൾക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്. ഈ പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കുറഞ്ഞത് 18 കോച്ചുകൾ എങ്കിലും ഉൾപ്പെടുത്തിയാൽ പരാതി പരിഹരിക്കാനാകും. 

എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തണം

കൂടുതൽ സുരക്ഷിതവും ഭാരം കുറഞ്ഞതുമായ എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം നടത്തിയിരുന്നു. അത് വിജയമായതിനെ തുടർന്ന് കൊച്ചുവേളിയിൽ നിന്ന് പ്രയാഗ്‌രാജിലേക്കും, തിരികെയും ഭാരത് ഗൗരവ് ട്രെയിൻ സർവീസ് എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ച് നടത്തുകയും ചെയ്തു. ഇപ്പോൾ ഓടുന്ന സർവീസുകളിൽ എൽഎച്ച്ബി കോച്ച് ഘടിപ്പിക്കണമെന്നും കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമുള്ള ആവശ്യമാണ്  യാത്രക്കാർ ഉയർത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com