ADVERTISEMENT

പുനലൂർ ∙ റെയിൽവേ സ്റ്റേഷൻ അമൃത ഭാരത് പദ്ധതി പ്രകാരം ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമ്പോഴും 3ാം പ്ലാറ്റ്ഫോം എന്ന പ്രധാന വികസന പദ്ധതിക്കു മുന്നിൽ റെയിൽവേ മുഖം തിരിച്ചു നിൽക്കുകയാണെന്ന് ആക്ഷേപം. നിലവിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ് വടക്കു ഭാഗത്തു ഭാഗികമായി സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ ട്രാക്ക് ഉണ്ട്. ട്രാക്ക് റെക്കോർഡിങ് കാറുകളും ഇൻസ്പെക്‌ഷൻ കാറും ലോക്കോകളും ഒക്കെ നിർത്തിയിടുകയാണ് ഇവിടെ പതിവ്. ഈ ട്രാക്കിൽ ഇവിടെ നിന്ന് 200 മീറ്ററോളം ദൂരത്തിൽ മൺതിട്ട നീക്കം ചെയ്തു ട്രാക്ക് നിർമിച്ചാൽ മൂന്നാം പ്ലാറ്റ്ഫോം സജ്ജമാക്കാം. വൈകിട്ട് എത്തി രാവിലെ പോകുന്ന കന്യാകുമാരി പാസഞ്ചർ ട്രെയിനും രാവിലെ എത്തി വൈകിട്ട് 5.30നു യാത്ര തിരിക്കുന്ന മധുര – പുനലൂർ ട്രെയിനുമാണ് നിലവിൽ സ്റ്റേഷനിൽ നിർത്തിയിടുന്ന ട്രെയിനുകൾ. ഇവയുള്ളപ്പോൾ അധികമായി മറ്റൊരു ട്രെയിൻ എത്തിയാൽ ക്രോസിങ്ങിനുള്ള സൗകര്യം ഇല്ല. ചെങ്കോട്ടയ്ക്കും കൊല്ലത്തിനും മധ്യേയുള്ള ഏറ്റവും പ്രധാന സ്റ്റേഷനാണു പുനലൂർ. നേരത്തെ ഗുരുവായൂർ – പുനലൂർ പാസഞ്ചർ ട്രെയിൻ ഇവിടെ യാത്ര അവസാനിപ്പിച്ചിരുന്നു. പിന്നീടാണ് ഈ ട്രെയിൻ മധുരയ്ക്കു നീട്ടിയത്.ഇപ്പോൾ സർവീസ് ആരംഭിച്ച ചെന്നൈ – താംബരം കൊച്ചുവേളി സ്പെഷൽ എക്സ്പ്രസും ഭാവിയിൽ സ്പെഷൽ ട്രെയിനുകളും ഇതര ദീർഘദൂര സർവീസുകളും ഈ പാതയിലൂടെ കൂടുതലായി എത്തും. അപ്പോൾ മൂന്നാം പ്ലാറ്റ്ഫോം അനിവാര്യമാണ്. 

സ്ഥിരം വിഷയങ്ങൾ
റെയിൽവേ വികസനം സംബന്ധിച്ച ചർച്ചകളിലും അവലോകന യോഗങ്ങളിലും എന്നും പുനലൂർ മൂന്നാം പ്ലാറ്റ്ഫോം എന്ന വിഷയം സജീവമായിരുന്നു. ഏറ്റവും ഒടുവിൽ മധുരയിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിലും കഴിഞ്ഞ ഒക്ടോബറിൽ പുനലൂരിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നതാണ്. പുനലൂർ റെയിൽവേ സ്റ്റേഷൻ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു പൈതൃക സ്റ്റേഷനാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം അടക്കം ഒട്ടേറെ നിവേദനങ്ങളാണ് എംപി ദക്ഷിണ റെയിൽവേക്കും റെയിൽവേ ബോർഡിനും നൽകിയിരുന്നത്. അമൃത ഭാരത് പദ്ധതി പ്രകാരം നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇതിനൊപ്പം ഇവിടെ മൂന്നാം പ്ലാറ്റ്ഫോമും ആർപിഎഫിനും സംസ്ഥാന റെയിൽവേ പൊലീസിനും പ്രത്യേക മന്ദിരങ്ങളും നിർമിക്കേണ്ടതായുണ്ട്

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com