സിഐടിയു തൊഴിലാളിയുടെ കൊലപാതകം: കാരണം പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം

Mail This Article
ചടയമംഗലം∙സിഐടിയു തൊഴിലാളിയുടെ കൊലപാതകത്തിനു കാരണം ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം. ബാറിൽ എത്തിയവരും സുരക്ഷാ ജീവനക്കാരനും തമ്മിലുള്ള തർക്കം സംഘട്ടനത്തിൽ എത്തുകയും സിഐടിയു ലോഡിങ് തൊഴിലാളിയും കുഞ്ഞു പിള്ളയുടെയും പ്രസന്ന കുമാരിയുടെയും മകനുമായ വെട്ടുവഴി സുധീഷ് ഭവനിൽ സുധീഷിന് (35) കുത്തേൽക്കുകയും ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ സുരക്ഷാ ജീവനക്കാരൻ കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ കാക്കോലിൽ വിള ഹൗസിൽ ജിബിനെ (44) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സുധീഷിന്റെ കൂടെയുണ്ടായിരുന്ന ചടയമംഗലം അക്കോണം ഷാൻ മൻസിലിൽ ഷാനവാസ് (ഷിനു 30), വെട്ടുവഴി സ്വദേശി അമ്പാടി അനിൽ (24) എന്നിവർക്ക് പരുക്കേറ്റു. ചടയമംഗലം ജംക്‌ഷനിലെ ബാറിൽ കഴിഞ്ഞ രാത്രി 12നായിരുന്നു സംഭവം.
സുധീഷും അമ്പാടി അനിലും ബാറിൽ എത്തിയപ്പോൾ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്യരുതെന്നു സുരക്ഷാ ജീവനക്കാരനായ ജിബിൻ വിലക്കി. ഇതു സംബന്ധിച്ചു തർക്കം ആയി. പിന്നാലെ എത്തിയ ഷാനവാസിന്റെ ബൈക്കും പാർക്ക് ചെയ്യുന്നതും ജിബിൻ തടഞ്ഞു. ബാറിൽ കയറിയ ശേഷം പുറത്തിറങ്ങിയ സംഘവും സുരക്ഷാ ജീവനക്കാരനുമായി തർക്കവും സംഘട്ടനവും നടന്നതായി പൊലീസ് പറഞ്ഞു. സംഘട്ടനത്തിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു സുരക്ഷാ ജീവനക്കാരൻ സുധീഷിനെയും കൂടെ ഉണ്ടായിരുന്നവരെയും കുത്തുകയായിരുന്നു. സംഘത്തിന്റെ മർദനത്തിൽ സുരക്ഷാ ജീവനക്കാരനും പരുക്കേറ്റു.ഗുരുതരമായി പരുക്കേറ്റ സുധീഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഷാനവാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പാടി അനിലിൽ നിന്നു വിവരം ശേഖരിച്ച പൊലീസ് സുരക്ഷ ജീവനക്കാരൻ ജിബിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ചു രാത്രിയും ഇന്നലെ രാവിലെയും പ്രകടനമായി എത്തിയ സിഐടിയു സംഘം ബാറിനു നേരെ കല്ലേറു നടത്തി. കല്ലേറിൽ ബാർ കെട്ടിടത്തിനും ഗേറ്റിനും കേടുപാടുണ്ടായി. പുനലൂർ ഡിവൈഎസ്പി ബൈജു കുമാർ, ചടയമംഗലം ഇൻസ്പെക്ടർ എൻ.സുനീഷ്, കടയ്ക്കൽ ഇൻസ്പെക്ടർ പി.എസ്.രാഗേഷ്, ചിതറ ഇൻസ്പെക്ടർ നിസാറുദീൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. സുധീഷിന്റെ മൃതദേഹം പൊലീസ് നടപടിക്കു ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.ഇന്നു രാവിലെ മൃതദേഹം വിലാപയാത്രയായി ചടയമംഗലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിക്കും. പൊതു ദർശനത്തിനു ശേഷം വീട്ടിൽ എത്തിക്കും. സംസ്കാരം 11ന്. പ്രതി ജിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.