നിയമസഭാ തിരഞ്ഞെടുപ്പ് തയാറെടുപ്പിലേക്ക് കോൺഗ്രസ്

Mail This Article
കൊല്ലം ∙വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിച്ചു ജില്ലയിലെ കോൺഗ്രസ്. ഇന്നലെ ആശ്രാമം യൂനുസ് കൺവൻഷനിൽ സംഘടിപ്പിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗവും വാർഡ് ഡിവിഷൻ പ്രസിഡന്റുമാരുടെ ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനവുമാണ് വരുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള തയാറെടുപ്പുകളുടെ തുടക്കമായും ഐക്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ആഹ്വാനവുമായി മാറിയത്.സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും കോൺഗ്രസ് നടത്തുന്ന വാർഡ് അധ്യക്ഷരുടെ സംഗമത്തിന്റെ ഭാഗമായാണ് കൊല്ലത്തും പരിപാടി നടത്തിയത്.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപ ദാസ് മുൻഷി, കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ, വി.കെ.അറിവഴകൻ, ജില്ലയുടെ ചുമതലയുള്ള അടൂർ പ്രകാശ് എംപി, കൊല്ലം കോർപറേഷൻ ചുമതലയുള്ള വി.എസ്.ശിവകുമാർ, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി പഴകുളം മധു, കെപിസിസി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി എം.ലിജു, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കെപിസിസി ജന. സെക്രട്ടറി എം.എം.നസീർ, പഴകുളം മധു, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ എ.ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല, ഡിസിസി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ പി.ജർമിയാസ്,സൂരജ് രവി,ആർ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോർപറേഷനിലെ 55 ഡിവിഷനുകളിലെയും 4 നഗരസഭകളിലെ 131 ഡിവിഷനുകളിലെയും 68 ഗ്രാമപ്പഞ്ചായത്തുകളിലെ 1,234 വാർഡുകളിലെയും (ആകെ 1420) കമ്മിറ്റികൾ കോൺഗ്രസ് ഇതിനോടകം രൂപീകരിച്ച് കഴിഞ്ഞു.
ഡി–ലിമിറ്റേഷൻ നടപടികൾ പൂർത്തീകരണത്തോടെ പുതുതായി ഉണ്ടാകുന്ന വാർഡ് - ഡിവിഷൻ കമ്മിറ്റികളും രൂപീകരിക്കും.തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൊയ്താൽ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി ഭരണം പിടിക്കാനാവൂ എന്ന് പരിപാടിയിൽ പ്രസംഗിച്ചവരെല്ലാം ചൂണ്ടിക്കാണിച്ചു.അതിനായി മുഴുവൻ സമയം പ്രവർത്തിക്കണമെന്നും ഐക്യത്തോടെ മുന്നോട്ടു പോകണമെന്നും സംഘടന കെട്ടിപ്പടുക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നതിലും മരിച്ചവരെയും മറ്റും ഒഴിവാക്കുന്നതിലും വാർഡ്, മണ്ഡലം പ്രസിഡന്റുമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതാക്കൾ ഓർമിപ്പിച്ചു. മഹാത്മാഗാന്ധി സംഗമങ്ങൾ ജില്ലയിലെ പകുതിയലധികം ഡിവിഷനുകളിൽ നടന്നിട്ടില്ലെന്നും വരുന്ന ഏപ്രിൽ 15ന് മുൻപ് എല്ലായിടത്തും പരിപാടി നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.