ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; തമിഴ്നാട് സ്വദേശികളെ പിടികൂടി

Mail This Article
കൊല്ലം∙ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി മലയാളികളിൽ നിന്നും ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ 2 പേരെ കൊട്ടിയം പൊലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരൻ(35), ശശികുമാർ(40) എന്നിവരെയാണ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളായ ദമ്പതികൾക്കും ഭാര്യാ സഹോദരനുമാണ് 16.5 ലക്ഷം രൂപ നഷ്ടമായത്. ഇവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസിനെക്കുറിച്ച് പൊലീസ് പറഞ്ഞത്: ലിത്വേനിയയിലെ ഒരു ഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലിയുണ്ടെന്ന ഒാൺലൈൻ പരസ്യം ദമ്പതികൾ കണ്ടു.
കൂടുതൽ വിശ്വാസ്യതയ്ക്കായി ഇവരുടെ സഹായത്തോടെ മുൻപ് വിദേശത്തേക്കു ജോലിക്കു പോയവരുമായി ബന്ധപ്പെട്ട് പരസ്യത്തിലെ സത്യാവസ്ഥ ഉറപ്പു വരുത്തി. തുടർന്ന് മൂവരും ഗുരു കാളീശ്വരനും ശശികുമാറിനും പണം കൈമാറി. ലിത്വേനിയയിൽ പോകുന്നതിന് മുൻപ് അസർബൈജാൻ എന്ന രാജ്യത്ത് ഇറങ്ങണമെന്നും അവിടെ വിസിറ്റിങ് വീസയിൽ കുറച്ചു നാൾ ചെലവഴിക്കണമെന്നും നിർദേശിച്ചു.
ഇവരുടെ നിർദേശം പാലിച്ച് 2 മാസം മൂന്നു പേരും അവിടെ ചെലവഴിച്ചു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലിത്വേനിയിലേക്കുള്ള വീസ ലഭിച്ചില്ല.
തുടർന്ന് സംഘത്തെ പല തവണ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിക്കാതായി. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലായ മൂവരും പിന്നീട് അസർബൈജാനിലുള്ള മലയാളികളുടെ സഹായത്തോടെയാണ് തിരികെ നാട്ടിലെത്തിയത്. തുടർന്ന് മൂവരും കൊട്ടിയം പൊലീസിൽ പരാതി നൽകി.
കൊട്ടിയം സിഐ ജി.സുനിലിന്റെ നേതൃത്വത്തിൽ എസ്ഐ നിഥിൻ നളൻ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികൾക്കായി തമിഴ്നാട്ടിൽ അന്വേഷണം നടത്തിയ അന്വേഷണ സംഘം പ്രതികളെ അവിടെ നിന്നും പിടികൂടുകയായിരുന്നു.പ്രതികൾ പിടിയിലായതറിഞ്ഞ് സമാന തരത്തിൽ കബളിപ്പിക്കപ്പെട്ട നാമക്കൽ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ പരാതിക്കാർ കൊട്ടിയം സ്റ്റേഷനിൽ എത്തി. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.