ബിരിയാണി ചാലഞ്ചിലൂടെ ചികിത്സാ സഹായം
Mail This Article
തലയോലപ്പറമ്പ് ∙ ബിരിയാണി ചാലഞ്ചിലൂടെ പ്രിയ സുഹൃത്തിന് ചികിത്സാ സഹായം കൈമാറി ഫാസ്റ്റ് ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ നാടിന് മാതൃകയായി. നാഡി സംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലാ മെഡിക്കൽ കോളജിൽ ചികിത്സിക്കുന്ന പാലാംകടവ് സ്വദേശിയായ നിർധന യുവാവിനാണ് ചികിത്സ സഹായം നൽകിയത്.
ചികിത്സയ്ക്കാവശ്യമായ തുക നൽകാനായി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ, തലയോലപ്പറമ്പ് പൊലീസ് എസ്എച്ച്ഒ കെ.എസ്.ജയൻ യുവാവിന്റെ കുടുംബത്തിന് കൈമാറി. ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവാവിന് കൈത്താങ്ങാകുന്ന യുവാക്കളുടെ ഇത്തരം പ്രവർത്തനം സമൂഹത്തിന് മാതൃകാപരമാണെന്നു എസ്എച്ച്ഒ കെ.എസ്.ജയൻ അഭിപ്രായപ്പെട്ടു.
ക്ലബ് പ്രസിഡന്റ് അജീഷ്കുമാർ, സെക്രട്ടറി കെ.ആർ.ജയകൃഷ്ണൻ, പി.ശ്രീകുമാർ, ജ്യോതിഷ്കുമാർ കോതാവേലിൽ, അരുൺ ബാബു, മുജീബ് എന്നിവർ നേതൃത്വം നൽകി. തങ്ങളുടെ കൂടെ 6 വർഷം മുൻപ് വരെ ക്രിക്കറ്റ് കളിച്ചിരുന്ന യുവാവിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് ക്ലബ് അംഗങ്ങൾ.