ബസ് സ്റ്റാൻഡ് അവഗണനയുടെ പടുകുഴിയിൽ; പാമ്പാടിയിൽ ഹൈടെക് ബസ് സ്റ്റാൻഡ് എവിടെ?

Mail This Article
പാമ്പാടി ∙ കോട്ടയത്തിനും പൊൻകുന്നത്തിനും ഇടയിലെ പ്രധാന ബസ് സ്റ്റാൻഡായ പാമ്പാടി ബസ് സ്റ്റാൻഡ് അവഗണനയുടെ പടുകുഴിയിൽ. നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിലെ കോൺക്രീറ്റ് പൊട്ടി കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. പലപ്പോഴായി ചെയ്ത കോൺക്രീറ്റ് പലതിട്ടകളായി നിൽക്കുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാകട്ടെ നൂറു പേർക്കു പോലും നിൽക്കാൻ ഇടമില്ല. ഇരിപ്പിടങ്ങൾ ഒറ്റകമ്പിയിൽ തീർത്തവയും. മഴ പെയ്താൽ ബസ് കത്തിരിക്കുന്നവർക്ക് നനയേണ്ട സ്ഥിതി. മേൽക്കൂരയുടെ പൈപ്പുകളും ട്യൂബുകളും ഒടിഞ്ഞു തൂങ്ങി കിടക്കുന്നു. പ്രാഥമിക കൃത്യങ്ങൾക്കു പോലും സൗകര്യങ്ങൾ അപര്യാപ്തമാണ്. രാത്രികാലങ്ങളിൽ പലപ്പോഴും വെളിച്ചമുണ്ടാകാറില്ല. ഏഴ് മണി കഴിഞ്ഞാൽ ബസുകൾ സ്റ്റാൻഡിൽ കയറാറില്ല. . സമീപത്തെ വഴികളിൽ നിന്ന് ഒഴുകി വരുന്ന മലിന ജലം സ്റ്റാൻഡിനുള്ളിലൂടെയാണ് ഒഴുകുന്നത്. ഓടയുടെ സ്ലാബുകൾ തകർന്നു കിടക്കുന്നു.
ഹൈടെക് ബസ് സ്റ്റാൻഡ് സമുച്ചയം നിർമിക്കുമെന്നു വാഗ്ദാനം നൽകിയിരുന്നെങ്കിലും വായ്പ നടപടികളുടെ ഭാഗമായി സ്ഥലം ഗ്രാമപ്പഞ്ചായത്തിന്റെ പേരിലാക്കി കരമടച്ച നടപടി മാത്രമാണ് പൂർത്തിയായിരിക്കുന്നത്. അതിനാൽ നൂറു കണക്കിനാളുകൾ ദിവസവും വന്നു പോകുന്ന ബസ് സ്റ്റാൻഡിന്റെ അടിസ്ഥാന വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം ബസ് സ്റ്റാൻഡിന്റെ നിർമാണത്തിനുള്ള ഡിപിആർ നടപടികൾ അവസാനഘട്ടത്തിലാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് പറഞ്ഞു.