അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; വൈക്കത്തെ ഹോട്ടൽ സിപിഎം അടപ്പിച്ചു

Mail This Article
വൈക്കം ∙ വൈക്കം പടിഞ്ഞാറേ നടയിലെ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ച 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടൽ സിപിഎം അടപ്പിച്ചു. പരാതിക്കിടയാക്കിയ ഉമാമി ഫുഡ് കോർട്ടിനെതിരെ മുൻപും വ്യാപകമായ പരാതി ഉയർന്നിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. ചൊവ്വാഴ്ച രാത്രി സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് ഹോട്ടൽ അടപ്പിച്ചത്.
കഴിഞ്ഞ 15ന് ഇവിടെ നിന്ന് അൽഫാം കഴിച്ച സിപിഎമ്മിന്റെ ഉദയനാപുരം പഞ്ചായത്തംഗം വൈക്കം കൊടിയാട് കലശക്കരിയിൽ കെ.ദീപേഷ്, ഭാര്യ ശാരിമോൾ, ശാരിമോളുടെ അമ്മ അംബിക, ശാരിമോളുടെ സഹോദരന്റെ ഭാര്യ മീനു, ഉദയനാപുരം സ്വദേശികളായ അർജുൻ സന്തോഷ് വടക്കേപള്ളത്ത്, അജയ്ദാസ് കളത്ര, എസ്. അഭിജിത്ത് വടക്കേപള്ളത്ത്, ആർ.ഹരിശങ്കർ ചെട്ടിയാംപറമ്പ്, കെ.സി.ചിതുൻ കളരിക്കൽതറ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ യാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ പറഞ്ഞു. ഞായറാഴ്ചയാണ് 9 പേരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ചിലർക്ക് അന്ന് തന്നെ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഒരു വിവരവും ആശുപത്രി അധികൃതർ നഗരസഭയ്ക്ക് നൽകിയില്ലെന്നും സെക്രട്ടറി പറഞ്ഞു.
ഉദയനാപുരം സ്വദേശികൾ പരാതി നൽകിയത് താലൂക്കിലെ ഫുഡ് സേഫ്റ്റി ഓഫിസർക്കാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 17ന് അവർ സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു. തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.