കരിയാത്തുംപാറ പേര്യമലയുടെ സമീപം പാറകൾ അടർന്നു വീണു; ജനം ഭീതിയിൽ

Mail This Article
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 5 ാം വാർഡിലെ കരിയാത്തുംപാറ പേര്യമലയുടെ സമീപത്തെ ഒഴുകയിൽ മലയുടെ മുകളിലെ വനഭൂമിയിൽ നിന്നു പാറക്കെട്ടുകൾ അടർന്നു വീണതോടെ ജനങ്ങൾ ആശങ്കയിലായി. ഇന്നലെ രാവിലെ 10 മണി മുതൽ 3 തവണയാണ് പാറകൾ പൊട്ടിവീണത്. കരിയാത്തുംപാറ ടൗണിൽ ഉൾപ്പെടെ വൻ ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. സ്ഫോടന ശബ്ദവും വലിയ പുകയും ഉയർന്നതായി നാട്ടുകാർ പറഞ്ഞു.
വനഭൂമിയിൽ നിന്നു പാറക്കഷണങ്ങൾ ദൂരത്തിൽ ഉരുണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് വനമേഖലയിൽ കനത്ത മഴ പെയ്തെന്ന് നാട്ടുകാർ പറയുന്നു. ശക്തമായ മഴയും കൊടുംചൂടും പാറക്കെട്ടുകൾ പൊട്ടാൻ കാരണമായെന്നാണ് കരുതുന്നത്.പാറ പൊട്ടിയ ഭാഗത്ത് നിന്ന് 500 മീറ്ററോളം താഴ്ഭാഗത്ത് ഇരുപതോളം വീടുകളും ഒട്ടേറെ കൃഷിയിടങ്ങളും ഉണ്ട്. പാറ പൊട്ടി വീണതോടെ താഴ്ഭാഗത്തെ കർഷകർ ആശങ്കയിലാണ് കഴിയുന്നത്. ജിയോളജി വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. ജിയോളജി അധികൃതർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം.

പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, മെംബർമാരായ ജെസി കരിമ്പനയ്ക്കൽ, സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, കൂരാച്ചുണ്ട് വില്ലേജ് ഓഫിസർ പി.വി.സുധി, കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ, എസ്ഐ എസ്.ആർ.സൂരജ്, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഫോറസ്റ്റർ പി.ടി.ബിജു എന്നിവർ സംഭവം നടന്ന മേഖല സന്ദർശിച്ചു.