സാമൂതിരിയുടെ വസതിയിൽ സ്നേഹക്കൂട്ടായ്മ ഒരുക്കി ഖാസി ഫൗണ്ടേഷൻ

Mail This Article
കോഴിക്കോട്∙ ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി വൈദേശികാക്രമണം നേരിട്ടതിന്റെ ഓർമകൾ പുതുക്കി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ. അനുസ്മരണത്തിന്റെ ഭാഗമായി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവണ്ണൂരിലുള്ള സാമൂതിരിയുടെ വസതിയിൽ സ്നേഹക്കൂട്ടായ്മ ഒരുക്കി. മുഖ്യ ആക്ടിങ് ഖാസി സഫീർ സഖാഫിയുടെ നേതൃത്വത്തിൽ സാമൂതിരിയുടെ ഭവനത്തിലെത്തിയ ഖാസി ഫൗണ്ടേഷൻ, മിശ്കാൽ പള്ളി ഭാരവാഹികളെ സാമൂതിരിയുടെ സെക്രട്ടറി ടി.കെ.രാമവർമയും മകൾ സരസിജ രാജയും ചേർന്നു സ്വീകരിച്ചു.
മനുഷ്യർ തമ്മിലുള്ള വിഭാഗീയതയും അകൽച്ചയും നമ്മുടെ രാജ്യത്ത് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം മഹനീയമായ ചടങ്ങുകളുടെ ഓർമപ്പെടുത്തലുകൾ വർധിക്കേണ്ടതുണ്ടെന്ന് ഖാസി സഫീർ സഖാഫി പറഞ്ഞു. സാമൂതിരിക്കുള്ള ഖാസി ഫൗണ്ടേഷന്റെ ഉപഹാരം ഖാസി സഫീർ സഖാഫിയും ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.കുഞ്ഞാലിയും ചേർന്ന് സാമൂതിരി കെ.സി.ഉണ്ണി അനുജൻ രാജയ്ക്കു കൈമാറി. ഫൗണ്ടേഷൻ സ്ഥാപക അംഗം സി.എ.ഉമ്മർകോയയും ഖാസി പരമ്പരയിലെ ഇളം തലമുറ അംഗം എം.വി.റംസി ഇസ്മായിലും ചേർന്ന് സാമൂതിരിയെ ഷാൾ അണിയിച്ചു.
ഖാസി ഫൗണ്ടേഷൻ ചെയർമാൻ ഡോ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മിശ്കാൽ പള്ളി സെക്രട്ടറി എൻ.ഉമ്മർ, എം.വി മുഹമ്മദലി, സി.പി.മാമുക്കോയ, പി.ടി. ആസാദ്, ആർ. ജയന്ത് കുമാർ, എം.അബ്ദുൽ ഗഫൂർ, കെ.വി.അബ്ദുൽ ഹമീദ്, വി.പി.റഷീദ്, പാലക്കണ്ടി മൊയ്തീൻ, ടി.ആർ.രാമവർമ, സരസിജ രാജ, എൻ.സി.അബ്ദുല്ലക്കോയ, എ.വി. സക്കീർ, കെ.പി.മമ്മത് കോയ, ഖാസി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ, ട്രഷറർ കെ.വി. ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു.