കുടിൽതോട്–കോട്ടൂളി സെന്റർ റോഡ് നിർമാണം ഇഴയുന്നു; 400 കുടുംബങ്ങൾ മഴക്കാലത്ത് വെള്ളക്കെട്ടിലാകും

Mail This Article
കോഴിക്കോട് ∙ ഒറ്റത്തവണ നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 മാസം കൊണ്ടു നിർമാണം പൂർത്തീകരിക്കാൻ ആരംഭിച്ച കുടിൽതോട് – കോട്ടൂളി സെന്റർ റോഡ് നിർമാണം 5 മാസം പിന്നിട്ടിട്ടും 35% മാത്രം. നിർമാണത്തിനിടെ കെഎസ്ഇബി, ജല അതോറിറ്റി പ്രവൃത്തികൾ കൂടി വന്നതോടെ റോഡ് നിർമാണം ഇനിയും 3 മാസം കൂടി വൈകും. മഴക്കാലമാകുമ്പോഴേക്കും റോഡ് ആധുനിക രീതിയിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ പ്രദേശത്തെ നാനൂറിലേറെ കുടുംബങ്ങൾ വെള്ളക്കെട്ടിൽ വഴിനടക്കാനാവാതെ ദുരിതത്തിലാകും. നിലവിൽ പല വീടുകളിൽ നിന്നും വാഹനം പുറത്തിറക്കാൻ കഴിയാതെ ആയതോടെ പലരും ബന്ധുവീട്ടിലേക്കു പോയി.
നിലവിൽ കുടിൽതോട് ബൈപാസ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ചു വെസ്റ്റ് കുടിൽതോട്, പൈപ്പ് ലൈൻ റോഡ് ജംക്‌ഷൻ മുതൽ കോട്ടൂളി സെന്റർ വരെ 3 കിലോമീറ്ററോളം റോഡിന്റെ ഇരുഭാഗവും ഓട നിർമിച്ചു ഒരു മീറ്റർ ഉയർത്തിയാണ് നിർമാണം . റോഡിനു വീതി കുറവായതിനാൽ നിലവിലുള്ള റോഡിൽ തന്നെയാണ് ഓട നിർമിക്കുന്നത്. ഓട നിർമാണം 90% പൂർത്തിയായി. തുടർന്ന് ഇതിന്റെ മധ്യഭാഗം ഉയർത്തി ബിഎംബിസി ടാറിങ് ചെയ്യും. എന്നാൽ, റോഡിലെ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നു ജല അതോറിറ്റി അറിയിച്ചതോടെ റോഡ് മണ്ണിട്ടു ഉയർത്തുന്നത് തൽക്കാലം നിർത്തി വച്ചു.
നിലവിൽ ഈ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നതിനാൽ കഴിഞ്ഞ ആഴ്ച മുതലാണു പൈപ്പ് ലൈൻ മാറ്റുന്ന പ്രവൃത്തി നടക്കുന്നത്. ഒപ്പം കെഎസ്ഇബി ലൈൻ ഭൂമിക്കടിയിലൂടെ മാറ്റാനും തീരുമാനിച്ചതോടെ റോഡ് നിർമാണം വൈകുമെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറയുന്നത്.ബൈപാസിനു ചേർന്നുള്ള കുടിൽതോട് മഴക്കാലത്തു നിറഞ്ഞു കവിയും. ബൈപാസ് നിർമാണം നടക്കുന്നതിനാൽ ഹരിതനഗർ, കുടിൽതോട്, നേതാജി ഭാഗത്ത് തോട് അടഞ്ഞ നിലയിലാണ്.
ഒരു മഴ പെയ്താൽ ഇപ്പോൾ റോഡ് നിർമാണം നടക്കുന്ന റോഡിലും സമീപത്തെ ചെറിയ റോഡിലും വെള്ളം ഉയരും. ഇതോടെ വീടുകളിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുമെന്നാണു നാട്ടുകാർ പറയുന്നത്. പൈപ്പ് ലൈൻ റോഡ് ജംക്‌ഷൻ മുതൽ കോട്ടൂളി റോഡിലെ ചില വീടുകളിൽ നിന്നു മാസങ്ങളായി വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്തെ ചില വീട്ടുകാർ സ്ഥലം മാറിയിട്ടുമുണ്ട്.