നിപ്പയുടെ പേരിൽ പഴം, പച്ചക്കറി കയറ്റുമതി നിരോധനം തുടരുന്നു
Mail This Article
കരിപ്പൂർ ∙ നിപ്പയുടെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിന് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പഴം, പച്ചക്കറി കയറ്റുമതിയിലുള്ള നിയന്ത്രണം നീക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക്. അതേസമയം കണ്ണൂരിന്റെ നിയന്ത്രണം നീക്കിയിട്ട് ഒരുമാസമായി. കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യം ചോദിച്ചാൽ ‘നടപടികൾ പുരോഗമിക്കുന്നു’ എന്ന മറുപടി മാത്രം.
നിപ്പ നിയന്ത്രണവിധേയമായെന്ന് സർക്കാർ അവകാശപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള കരിപ്പൂർ വിമാനത്താവളത്തിനു മാത്രം ‘നിപ്പ ഫ്രീ’ സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. ഇതുസംബന്ധിച്ച് സെപ്റ്റംബർ 29ന് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപി, കോ–ചെയർമാൻ എം.കെ.രാഘവൻ എംപി, ടി.വി.ഇബ്രാഹിം എംഎൽഎ, കേരള എക്സ്പോർട്ടേഴ്സ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ ആരോഗ്യവകുപ്പിനെയും അനുബന്ധ വകുപ്പുകളെയും സമീപിച്ചു.
മന്ത്രിമാർക്കു കത്തുകൾ നൽകി. ഉടൻ നടപടി സ്വീകരിക്കുമെന്ന മറുപടി ലഭിച്ചെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും കരിപ്പൂരിന്റെ നിയന്ത്രണം നീക്കിയില്ല. നടപടികൾ പുരോഗമിക്കുകയാണെന്ന തുടർ മറുപടികളാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നവർക്കെല്ലാം ലഭിക്കുന്നത്.
നിപ്പയുടെ പേരിൽ യുഎഇയിലെ വിമാനത്താവളങ്ങളിലേക്കാണു കർശന നിബന്ധനയുള്ളത്. പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യണമെങ്കിൽ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കയറ്റുമതി വിഭാഗത്തിൽനിന്ന് ആവശ്യമായ പിക്യു (പ്ലാന്റ് ക്വാറന്റീൻ) സർട്ടിഫിക്കറ്റിനു പുറമേ, ആരോഗ്യവകുപ്പിന്റെ നിപ്പ ഫ്രീ സർട്ടിഫിക്കറ്റ്കൂടി വേണമെന്നാണ് യുഎഇ സർക്കാരിന്റെ നിർദേശം.
ആരോഗ്യവകുപ്പാണ് അതു നൽകേണ്ടത്. ആ അനുമതിയുടെ കാര്യം പിക്യു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാലേ കരിപ്പൂരിൽനിന്ന് യുഎഇയിലേക്ക് പഴം,പച്ചക്കറി കയറ്റുമതി സാധ്യമാകൂ. അതിനുള്ള നടപടികൾ നീളുന്നത് കോഴിക്കോട് വിമാനത്താവളത്തിലെ പഴം, പച്ചക്കറി കയറ്റുമതിയെ ബാധിക്കും.