ADVERTISEMENT

കൊണ്ടോട്ടി∙ ഇത്തവണത്തെ പെരുന്നാൾ ട്രെൻഡ് കൊണ്ടോട്ടി കുന്നുംപുറത്തെ ഗായകൻ ജിതിൻ രാജിന്റെ ശബ്ദമാണ്. ആടുജീവിതത്തിലെ, ‘‘പെരിയോനേ എൻ റഹ്മാനേ, പെരിയോനേ റഹീം...’’ എന്ന പാട്ടു പാടി സംഗീതാസ്വാദകരുടെ നെഞ്ചുലച്ച ജിതിൻ രാജിന്റെ ശബ്ദം കടലും മരുഭൂമികളും കടന്ന് പടർന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ റീൽസിലും സ്റ്റോറീസിലും അനുഭവക്കുറിപ്പുകളിലും റിവ്യൂസിലുമെല്ലാം ആഘോഷമാവുകയാണ് മലപ്പുറത്തെ യുവ പാട്ടുകാരൻ ജിതിൻ രാജിന്റെ ശബ്ദം.

ആടുജീവിതം എന്ന സിനിമ തിയറ്ററിലെത്തും മുൻപേ, പെരിയോനേ എന്ന ഗാനം ഹിറ്റുകളുടെ ക്ലബ്ബിലെത്തിയിരുന്നു. ആ പാട്ടു പാടിയ മലപ്പുറത്തുകാരനെ ലോകം സമൂഹമാധ്യമങ്ങളിൽ അന്നുമുതലേ തിരഞ്ഞുതുടങ്ങിയതാണ്. ഇന്നും ജിതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും അഭിനന്ദനങ്ങളും തുടരുന്നു. മരുഭൂമിയിലെ വേദനയുടെ വരികൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു. പെരുന്നാളിന്റെ ഭാഗമായുള്ള വിപണികളിലും ആഘോഷങ്ങളിലുമെല്ലാം ‘പെരിയോനേ..’ വിളിയാണ്.

മുപ്പതിലേറെ സിനിമകളിൽ പാടിയിട്ടുണ്ട് ജിതിൻ. അന്നൊന്നും തിരിച്ചറിയാത്തവർ ഇന്ന് ജിതിനെ അന്വേഷിച്ചെത്തുന്നു. ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ സിനിമയിൽ എ.ആർ.റഹ്മാന്റെ സംഗീതത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്കാണ് ജിതിൻ ശബ്ദം നൽകിയത്.

മറ്റൊരു പാട്ടിന്റെ ആവശ്യത്തിനായി എ.ആർ.റഹ്മാന്റെ സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായാണ് ആടുജീവിതത്തിൽ പാടാൻ അവസരമെത്തുന്നത്. എവിടെയാണു നാടെന്നു ചോദിച്ചപ്പോൾ ജിതിൻ പറഞ്ഞു മലപ്പുറം. പാട്ടുപാടാൻ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടു പാടി: ‘‘പണ്ടവൻ തന്നുടെ ദീനിലുൾക്കൊണ്ട്...’’ പിന്നെ റഹ്മാൻ വിട്ടില്ല. സംഗീതമേഖലയിൽ ജിതിൻ രാജിനു പുതിയ ജീവനാണ് ആടുജീവിതം നൽകിയത്.

കുന്നുംപുറം രഞ്ജിനി വീട്ടിൽ ജി.കെ.നായർ–രമണി ദമ്പതികളുടെ മകനാണ് ജിതിൻ. കുട്ടിക്കാലം മുതലേ ഇഷ്ടം മാപ്പിളപ്പാട്ടുകളോട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും തിളങ്ങി. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ‘ഇന്ത്യൻ വോയ്സ്’ രണ്ടാം സീസണിൽ ഫൈനലിസ്റ്റ് ആയിരുന്നു. അന്നു വിധികർത്താവായിരുന്ന പിന്നണി ഗായകൻ ശ്രീനിവാസ് വഴിയാണ് എ.ആർ.റഹ്മാനെ പരിചയപ്പെടുന്നത്.

‘സിഗരം തൊട്’ ചിത്രത്തിൽ ശ്രേയ ഘോഷാലുമൊന്നിച്ചുള്ള ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്കുള്ള തുടക്കം. മമ്മൂട്ടിയുടെ ‘തോപ്പിൽ ജോപ്പൻ’, ‘പരോൾ’, ജയസൂര്യയുടെ ‘മേരി ആവാസ് സുനോ’, മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത മോഹൻലാൽ ചിത്രമായ ‘ജനതാ ഗാരേജ്’ തുടങ്ങി ഒട്ടേറെ സിനിമകളിൽ പാടി. എ.ആർ.റഹ്മാൻ സംഗീതം ചെയ്ത ‘പൊന്നിയൻ സെൽവൻ’ മലയാളം മൊഴിമാറ്റ സിനിമയിലും പാടാൻ അവസരം കിട്ടി. എന്നാൽ, അന്നൊന്നും റഹ്മാനെ പരിചയപ്പെടാൻ അവസരം ലഭിച്ചിരുന്നില്ല. 

ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ജിതിൻ രാജിന്റെ വിവാഹം. ഇൻഫോസിസ് ഉദ്യോഗസ്ഥയയും ഗായികയുമായ പൂർണശ്രീ ആണ് വധു. ബ്ലെസിയുടെ ഭ്രമരം എന്ന സിനിമയിലെ ‘അണ്ണാറക്കണ്ണാ വാ...’’ എന്ന ഗാനം പാടിയാണു പൂർണശ്രീയും സിനിമയിലെത്തിയത്. സർക്കാർ ജീവനക്കാരികൂടിയായ ജിതിന്റെ സഹോദരി രഞ്ജിനിയും ഗായികയാണ്. ഏകദേശം 5 വർഷം മുൻപാണു പെരിയോനേ എന്ന പാട്ടു പാടിയത്. ഇന്നതു ലോകമാകെ ഏറ്റുപാടുന്നു. ഇതിലപ്പുറം ഇനിയൊരു സന്തോഷം ജീവിതത്തിൽ ഉണ്ടാകാനില്ല. ഇതു സന്തോഷത്തിന്റെ പെരുന്നാളെന്നു ജിതിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com