കവർച്ചാനാടകം സാമ്പത്തിക ബാധ്യത തീർക്കാനെന്ന് പൊലീസ്
Mail This Article
മഞ്ചേരി∙ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 117 പവൻ തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സാമ്പത്തിക ബാധ്യത തീർക്കാനാണു കവർച്ച ആസൂത്രണം ചെയ്തതെന്നാണു പൊലീസിനു ലഭിച്ച വിവരം. കേസിലെ 3 പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
തിരൂർക്കാട് കടവത്ത് ശിവേഷ് (24), സഹോദരൻ ബെൻസു (30), സുഹൃത്ത് വലമ്പൂർ സ്വദേശി ഷിജു (28) എന്നിവരെയാണു കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഷിജുവിനെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കും. 2 ദിവസത്തിനു ശേഷമായിരിക്കും കസ്റ്റഡിയിൽ വാങ്ങുകയെന്ന് അന്വേഷണച്ചുമതലയുള്ള എസ്എച്ച്ഒ എം.നന്ദഗോപൻ പറഞ്ഞു.
ശനി വൈകിട്ട് ആറരയോടെയാണ് ഇരുമ്പുഴി കാട്ടുങ്ങലിൽ വച്ച് സ്വർണം കവർന്നത്. മലപ്പുറം കോട്ടപ്പടിയിലെ നിഖില ബാംഗിൾസ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായ ശിവേഷ്, ജ്വല്ലറിയിലേക്കു കൊണ്ടുപോകുന്ന സ്വർണം തട്ടിയെടുക്കാൻ സഹോദരനെയും സുഹൃത്തിനെയും കൂട്ടി ആസൂത്രണം ചെയ്തുനടപ്പാക്കിയതായിരുന്നു കവർച്ച എന്നാണു പൊലീസ് കണ്ടെത്തിയത്. സ്വർണം ശിവേഷിന്റെ വീട്ടിൽനിന്നു കണ്ടെത്തി.
ശിവേഷും സഹപ്രവർത്തകൻ സുകുമാരനും സ്കൂട്ടറിൽ സ്വർണവുമായി പോകുമ്പോൾ പിന്തുടർന്നെത്തിയ ബെൻസുവും ഷിജുവും സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഇരുവരും കവർച്ചമുതലുമായി വീട്ടിലെത്തിയപ്പോഴേക്ക് ഇവർ സഞ്ചരിച്ച ബൈക്കിന്റെ വിവരം തിരക്കി പൊലീസ് എത്തി. പ്രതികൾ ബാഗ് തട്ടിയെടുത്തു ബൈക്കിൽ പോകുന്നതു കണ്ട ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുൻഷീർ, വിവരം പൊലീസിനു കൈമാറിയതാണു വഴിത്തിരിവായത്.