‘പച്ചതൊടാതെ’ 16 വർഷം മുൻപ് കേരളത്തിലേക്ക്; ചൊവ്വയിൽ പാടത്ത് ‘മല്ലു’ക്കൃഷി, ‘പൊന്നുവിളയിച്ച്’ സുക്രു

Mail This Article
തേഞ്ഞിപ്പലം ∙ ഒഡീഷയിലെ കൃഷിപ്പാടത്ത് വിയർപ്പൊഴുക്കിയിട്ടും ‘പച്ചതൊടാതെ’ 16 വർഷം മുൻപ് കേരളത്തിലേക്ക് വന്ന സുക്രു (40) ഭാര്യ ഗോസോ മോണസോറയ്ക്കൊപ്പം (32) തേഞ്ഞിപ്പലം ചൊവ്വയിൽ പാടത്ത് 3 വർഷമായി ‘പൊന്ന്’ വിളയിക്കുന്നു. 1200 നേന്ത്രവാഴകളുണ്ട് ഇക്കുറി സുക്രുവിന്. പലതും മൂപ്പെത്തി കുലച്ചു. കുല വെട്ടുന്നത് സുക്രുവും ഭാര്യയും ഒന്നിച്ച്. നേന്ത്രക്കുല വാഹനത്തിൽ എത്തിക്കാൻ സുക്രുവിന്റെ ചുമലിലേറ്റാൻ സഹായിക്കുന്നതും ഭാര്യ. തേഞ്ഞിപ്പലം പഞ്ചായത്തും സുക്രുവിന് പ്രചോദനമേകി ഒപ്പമുണ്ടെന്ന് സ്ഥിരസമിതി അധ്യക്ഷൻ അണ്ടിശേരി പിയൂഷ് പറഞ്ഞു.
കപ്പ നട്ടതും പച്ചക്കറിക്കൃഷി നടത്തിയും വിജയം. സുക്രുവും ഭാര്യ ഗോസോയും മലയാളം പറയും. കടക്കാട്ടുപാറയിലെ ഗോപാലേട്ടനാണ് തന്റെ മലയാള ഗുരുവെന്ന് സുക്രു പറഞ്ഞു. ഹിന്ദിയിൽ ഓരോ കാര്യങ്ങളും ചോദിക്കും. ഗോപാലേട്ടൻ മലയാളത്തിൽ മറുപടി പറയും. ഒഡീഷയിലെ നവരംഗ്‍പൂർ മൊഗ്‌റു സിലഗുഡി സ്വദേശിയാണ് സുക്രു. 3 മക്കളുണ്ട്. തേഞ്ഞിപ്പലത്ത് സ്ഥലം വാങ്ങി വീട് പണിത് ശിഷ്ടകാലം ജീവിക്കാനാണ് സുക്രുവിന്റെ മോഹം.