ഷാബാ ഷരീഫ് വധക്കേസ് വിധി: പ്രതികൾ മൃതദേഹത്തെയും അപമാനിച്ചെന്ന് കോടതി

Mail This Article
മഞ്ചേരി ∙ പ്രതികൾ ഷാബാ ഷരീഫിന്റെ മൃതദേഹത്തെ അപമാനിച്ചുവെന്ന് കോടതി. അദ്ദേഹത്തിന് അർഹമായ മരണാനന്തര സംസ്കാരം നിഷേധിച്ചു. കുടുംബാംഗങ്ങൾക്ക് പരമ്പരാഗത മരണാനന്തര ചടങ്ങുകൾ നിർവഹിക്കാനായില്ല. സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന പ്രതികളുടെ അത്യാഗ്രഹമാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാനിയാക്കിയതെന്നും കോടതി നിരീക്ഷിച്ചു. പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫ് വധക്കേസിലെ വിധിന്യായത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രധാന പ്രതി ഷൈബിന്റെ ചവിട്ടേറ്റാണ് പ്രതി മരിച്ചത്. തുടർന്ന് രക്ഷപ്പെടാനായി മൃതദേഹം കൊത്തി നുറുക്കി ചാലിയാറിലൊഴുക്കി. കുറ്റകൃത്യങ്ങളുടെ ഈ സ്വഭാവം പരിഗണിച്ചാണ് പ്രതികൾക്ക് വിവിധ വകുപ്പുകളിൽ നൽകിയ ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് വിധിച്ചതെന്നും വിധിന്യായത്തിൽ സൂചിപ്പിക്കുന്നു.
പ്രത്യേകം അനുഭവിക്കേണ്ട ശിക്ഷ നൽകുമ്പോൾ അത് 14 വർഷം കടക്കരുതെന്ന വിധിയുണ്ടെന്ന് കോടതി പറയുന്നു. ഒന്നാം പ്രതി ഷൈബിന് ലഭിച്ചതാകട്ടെ 13 വർഷവും 9 മാസവും. നിശ്ചിത ശിക്ഷാ പരിധിയിലേക്ക് 3 മാസം കുറവ്.ഷൈബിൻ വൃക്ക മാറ്റിവച്ചയാളാണെന്നതും ക്ഷയരോഗിയാണെന്നതും പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.
രോഗം പരിഗണിച്ച് സിംഗിൾ സെൽ അനുവദിക്കണമെന്നും അഭിഭാഷകർ വാദിച്ചു. മറ്റു പ്രതികൾ കുടുംബത്തിന്റെ അത്താണിയാണെന്നും കുഞ്ഞുങ്ങളുള്ളവരും പ്രായമായ മാതാപിതാക്കളുള്ളവരുമായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നും വാദിച്ചിരുന്നു. എന്നാൽ മൈസൂരുവിലെ കുടുംബത്തിന്റെ അത്താണിയാണ് കുറ്റകൃത്യത്തിലൂടെ നഷ്ടപ്പെട്ടതെന്നത് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു.
∙ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ഷാബാ ഷരീഫിന്റെ ബന്ധുക്കൾ. ഷാബാ ഷരീഫിന്റെ വീട്ടുകാർ അടക്കം കോടതിവിധി സംബന്ധിച്ച വാർത്തകൾ ടിവി ചാനലിൽ കണ്ടുവെന്നും പൊലീസിനും പ്രോസിക്യൂഷനും നന്ദി പറയുന്നുവെന്നും സഹോദരിയുടെ മകൻ ഇസ്മായിൽ മനോരമയോട് പറഞ്ഞു.
പൊലീസുകാർ വിളിച്ചിരുന്നു. അവരുടെയും പ്രോസിക്യൂഷന്റെയും മാധ്യമങ്ങളുടെയും വലിയ പിന്തുണയാണ് കേസിലുണ്ടായതെന്നും മൈസൂരുവിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു. ബന്ധുക്കളാരും ഇന്നലെ കോടതിയിൽ വിധി കേൾക്കാനെത്തിയിരുന്നില്ല.
ഹാജരാക്കിയത് 80 സാക്ഷികളെയും 56 തൊണ്ടിമുതലുകളും
മലപ്പുറം ∙ ഷാബാ ഷരീഫ് വധക്കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത് 80 സാക്ഷികൾ, 56 തൊണ്ടിമുതലുകൾ, 275 രേഖകൾ എന്നിവ. മുഖ്യപ്രതി ഷൈബിന് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് 8 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചതാണ് വലിയ ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം.
ഇതിനു പുറമേ രണ്ടാം പ്രതിക്ക് തട്ടിക്കൊണ്ടുപകലിന് 3 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചു. പിഴ നൽകിയില്ലെങ്കിൽ 2 മാസം അധിക തടവ്. 3 പ്രതികൾക്കും ഗൂഢാലോചനയ്ക്ക് 2 വർഷം വീതം തടവ്, 15,000 രൂപ വീതം പിഴ, അന്യായമായി തടങ്കൽ പാർപ്പിച്ചതിന് 3 വർഷം വീതം തടവ്, 15,000 രൂപ വീതം പിഴ, തെളിവു നശിപ്പിച്ചതിന് 9 മാസം വീതം തടവ്, 15,000 രൂപ വീതം പിഴ എന്നിവയുമാണ് വിധിച്ചത്.
15 പ്രതികളുണ്ടായിരുന്ന കേസിൽ 3 പേർ കുറ്റക്കാരെന്ന് വ്യാഴാഴ്ച വിധിച്ച കോടതി 9 പേരെ വിട്ടയച്ചിരുന്നു. ഏഴാം പ്രതി തങ്ങളകത്ത് നൗഷാദ് മാപ്പുസാക്ഷിയായി. 15–ാം പ്രതി ഷമീം ഒളിവിലാണ്. 14–ാം പ്രതി ഒളിവിലിരിക്കേ ഗോവയിൽ വച്ച് വൃക്കരോഗത്തെത്തുടർന്ന് മരിച്ചു. കുറ്റകൃത്യം കാരണം നഷ്ടമുണ്ടായ ഷാബാ ഷരീഫിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും സ്ഥിതി പരിശോധിച്ച് 2017ലെ കേരള വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം.കൃഷ്ണൻ നമ്പൂതിരി, എൻ.ഡി.രജീഷ്, ഇ.എം.നിവേദ് എന്നിവർ ഹാജരായി. ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സാജു.കെ.ഏബ്രഹാം, അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ പി.വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.