തുല്യതാ പഠിതാക്കൾക്കുള്ള പുസ്തകങ്ങൾ മഴ നനഞ്ഞു നശിച്ചു

Mail This Article
മലപ്പുറം∙ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പുറത്തിറക്കിയ കെട്ടുകണക്കിനു പഠനസഹായികൾ മഴയേറ്റു നശിച്ച നിലയിൽ. മലപ്പുറം ടൗൺ ഹാളിനു പുറത്തു സൂക്ഷിച്ച പുസ്തകങ്ങളാണു മഴയിൽ കുതിർന്നത്. ഹയർസെക്കൻഡറി വിഭാഗം തുല്യതാ പഠിതാക്കൾക്കുള്ള അക്കൗണ്ടൻസി, ഗാന്ധിയൻ സ്റ്റഡീസ്, ഹിന്ദി പഠനസഹായികളാണു നശിച്ചവയിൽ അധികവും. സംഭവം വാർത്തയായതിനെത്തുടർന്നു പുസ്തകങ്ങൾ ഇന്നലെ ഉച്ചയോടെ ഇവിടെനിന്നു മാറ്റി. ചെറിയമുണ്ടം ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സാക്ഷരതാമിഷന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ട്രെയ്നിങ് കേന്ദ്രത്തിലായിരുന്നു ഈ പുസ്തകങ്ങൾ ആദ്യം സൂക്ഷിച്ചിരുന്നത്.
ഈ കെട്ടിടം ഒഴിയേണ്ടിവന്നതോടെ, ഒരു വർഷം മുൻപു മലപ്പുറം ടൗൺ ഹാൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റഫറൻസ് ലൈബ്രറിയിലേക്കു പുസ്തകങ്ങൾ മാറ്റി. ഈ കെട്ടിടഭാഗത്തിന് അറ്റകുറ്റപ്പണി നടത്താനായി പുസ്തകങ്ങൾ മാറ്റണമെന്നു മലപ്പുറം നഗരസഭ ആവശ്യപ്പെട്ടതോടെയാണ് പുറത്തേക്കു പുസ്തകങ്ങൾ നീക്കിയതെന്നു സാക്ഷരതാ മിഷൻ ജില്ലാ അധികൃതർ പറയുന്നു. 10 ദിവസം മുൻപു പുറത്തേക്കുവച്ച പുസ്തകങ്ങൾ ടാർപോളിൻ ഉപയോഗിച്ചു പൊതിഞ്ഞുകെട്ടിയിരുന്നെന്നും അപ്രതീക്ഷിതമായ കാറ്റിലും മഴയിലും കെട്ടഴിഞ്ഞു പുസ്തകങ്ങൾ നനയുകയായിരുന്നു എന്നുമാണു വിശദീകരണം.
മൂന്നു ലോഡ് പുസ്തകങ്ങൾ വിവിധ ജില്ലകളിലേക്കു കയറ്റി അയച്ചിരുന്നു. ബാക്കി വന്നവയാണു ടൗൺ ഹാളിനു പുറത്തു സൂക്ഷിച്ചിരുന്നത്. പുസ്തകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള കേന്ദ്രങ്ങൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഹയർസെക്കൻഡറി വിഭാഗത്തിലെ ഓപ്ഷനൽ വിഷയങ്ങളുടെ പുസ്തകങ്ങളാണു ബാക്കിയുണ്ടായിരുന്നവയിൽ അധികമെന്നും ഈ വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന പഠിതാക്കളുടെ എണ്ണം കുറവായതിനാൽ ഇവ ബാക്കിയാകുകയായിരുന്നെന്നും അധികൃതർ പറഞ്ഞു. പുസ്തകങ്ങൾ സാക്ഷരതാ മിഷന്റെ സംസ്ഥാന ഓഫിസിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ജില്ലാ അധികൃതർ പറഞ്ഞു.