തൃക്കൈക്കുത്ത്, മുട്ടിക്കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തു

Mail This Article
നിലമ്പൂർ ∙ വണ്ടൂർ -നിലമ്പൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുതിരപ്പുഴയിൽ 10.9 കോടി രൂപ ചെലവഴിച്ചു നിർമിച്ച തൃക്കൈക്കുത്ത് പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബൈപാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഫണ്ടിന് ധനകാര്യ വകുപ്പുമായി ചർച്ച പുരോഗമിക്കുകയാണെന്ന് അറിയിച്ചു. നിലമ്പൂർ ടൗൺ നവീകരണം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ 5 കോടി രൂപ ചെലവഴിച്ചു വീതികൂട്ടി പുനർനിർമിച്ച കെഎൻജി പാത മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സ്ഥിരസമിതി അധ്യക്ഷ പി.സൈജിമോൾ വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് അസ്കർ അലി, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

ചുങ്കത്തറ∙ പുന്നപ്പുഴയ്ക്കു കുറുകെ നിർമിച്ച മുട്ടിക്കടവ് പാലവും അപ്രോച്ച് റോഡും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 2020-21 ബജറ്റിൽ ഉൾപ്പെടുത്തി 6.20 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. 90 മീറ്റർ നീളം വരുന്ന മുട്ടിക്കടവ് പാലത്തിന് 4 സ്പാനുകളാണുള്ളത്. പാലത്തിന് 7.5 മീറ്റർ വീതിയുള്ള കാര്യേജ് വേയും 1.35 മീറ്റർ വീതി വരുന്ന നടപ്പാതയും ഉൾപ്പെടെ 9.50 മീറ്റർ വീതിയുണ്ട്. മുട്ടിക്കടവ് ഭാഗത്ത് 217 മീറ്റർ നീളവും പള്ളിക്കുത്ത് ഭാഗത്ത് 80 മീറ്റർ നീളമുള്ള അപ്രോച്ച് റോഡും യാഥാർഥ്യമായിട്ടുണ്ട്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം എൻ.എ.കരീം, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ.സുരേഷ്, സൂസൻ മത്തായി, പഞ്ചായത്ത് അംഗങ്ങളായ ഹാൻസി, നിഷിത മുഹമ്മദ്, പി.വി പുരുഷോത്തമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.രവീന്ദ്രൻ, താജ സക്കീർ, പറമ്പിൽ ബാവ, മാത്യു കെ.ആന്റണി, എം.എ.തോമസ്, വിനീഷ്, പ്രഫ. ഏബ്രഹാം പി.മാത്യു, പി മധു, ഷൗക്കത്ത് കോഴിക്കോടൻ, ഹൈജിൻ ആൽബർട്ട്, സി.റിജോ റിന്ന എന്നിവർ പ്രസംഗിച്ചു.