തണലിന് കോടാലി: ജെഎൻപിഎ ഹൈവേ നിർമാണം; മുറിക്കും 11,500 മരങ്ങൾ

Mail This Article
മുംബൈ∙ ജെഎൻപിഎ (ജവാഹർലാൽ നെഹ്റു പോർട്ട് അതോറിറ്റി) ഹൈവേ നിർമാണത്തിന്റെ ഭാഗമായി 11,500 മരങ്ങൾ മുറിച്ചുമാറ്റാൻ ഒരുങ്ങുന്നു. ജവാഹർലാൽ നെഹ്റു തുറമുഖത്തെ മുംബൈ–പുണെ, മുംബൈ–ഗോവ ഹൈവേകളുമായി ബന്ധിപ്പിക്കുന്ന ആറുവരിപ്പാതയാണിത്. 24 ഹെക്ടർ സ്വാഭാവിക വനഭൂമിയെ ഇത് ബാധിക്കും. പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുന്ന കരഞ്ച കടലിടുക്ക് അടക്കം 18 ഹെക്ടർ ജലാശയങ്ങൾക്കു മുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ട്. 70 ഹെക്ടർ കൃഷിഭൂമിയടക്കം ആകെ 175 ഹെക്ടർ ഭൂമി പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും 2 വർഷത്തിനുള്ളിൽ പണി ആരംഭിക്കുമെന്നും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ചീഫ് ജനറൽ മാനേജർ അൻഷുമാലി ശ്രീവാസ്തവ പറഞ്ഞു. വളരെ കുറച്ച് മരം മുറിക്കേണ്ടി വരുന്ന പാതയാണ് ഹൈവേയ്ക്കു വേണ്ടി തിരഞ്ഞെടുത്തതെന്നും മുറിച്ചുമാറ്റുന്നവയ്ക്കു പകരം മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് അനുമതി തേടി എൻഎച്ച്എഐ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന് കഴിഞ്ഞ ജനുവരി അവസാനത്തോടെ അപേക്ഷ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക വകുപ്പിന്റെ കാബിനറ്റ് യോഗം ഇതിന് അനുമതി നൽകുകയും ചെയ്തു.
വഴിയേ വരും പരിഹാര നടപടി
വലിയ തോതിൽ മരം മുറിച്ചുമാറ്റി ആറുവരിപ്പാത നിർമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിഹാര നടപടി ഉണ്ടാകുമെന്ന് സർക്കാർ വകുപ്പുകൾ ഉറപ്പുനൽകി. ഹൈവേ നിർമാണം കണ്ടൽക്കാടുകളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഉറപ്പാക്കാനും വന്യജീവി സംരക്ഷണ പദ്ധതി തയാറാക്കാനുമായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെ നിയോഗിക്കാൻ പരിസ്ഥിതി മന്ത്രാലയം ദേശീയ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകി.
മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം ദേശീയ പാതയുടെ ഇരുവശങ്ങളിലും 10 മീറ്റർ ഇടവിട്ട് 24.5 ഹെക്ടർ സ്ഥലത്ത് 32000 മരത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് എൻഎച്ച്എഐ ഉറപ്പു നൽകി. അതേസമയം, വർഷങ്ങളെടുത്ത് വളർന്നുവന്ന മരങ്ങൾ ഒറ്റയടിക്ക് മുറിച്ചുമാറ്റുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും പുതുതായി വച്ചുപിടിപ്പിക്കുന്ന തൈകൾക്ക് അതിജീവന ശേഷി കുറവാണെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
ഗതാഗത രംഗത്ത് നിർണായകം
നിലവിൽ ജെഎൻപിഎ ഭാഗത്തുനിന്ന് പുറപ്പെടുന്ന വാഹനങ്ങൾ മുംബൈ–പുണെ ഹൈവേ (എൻഎച്ച് 48), മുംബൈ–ഗോവ ഹൈവേ (എൻഎച്ച് 66), മുംബൈ–പുണെ എക്സ്പ്രസ്‌വേ എന്നിവിടങ്ങളിൽ എത്താൻ ചുരുങ്ങിയത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയം എടുക്കുന്നുണ്ട്. പലസ്പ ഫാഠ, ഡി–പോയിന്റ്, കലമ്പൊളി ജംക്‌ക്ഷൻ, പൻവേൽ എന്നിവിടങ്ങളിലെ ശക്തമായ ഗതാഗതക്കുരുക്കാണ് ഒരു മണിക്കൂർ യാത്ര മൂന്ന് മണിക്കൂറിലേക്ക് ഉയർത്തുന്നത്. നവിമുംബൈ രാജ്യാന്തര വിമാനത്താവളം കൂടെ പ്രവർത്തനസജ്ജമാകുന്നതോടെ ഗതാഗത തടസ്സം ഇനിയും കൂടും. ഇതിന് പരിഹാരം കാണുക, ജവാഹർലാൽ നെഹ്റു തുറമുഖത്തിൽനിന്ന് നവിമുംബൈ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ജെഎൻപിഎ ഹൈവേ നിർമിക്കുന്നത്.