നാട്ടിൽനിന്നെത്തുന്ന നഴ്സുമാരെ വലച്ച് റജിസ്ട്രേഷൻ നടപടികൾ

Mail This Article
ന്യൂഡൽഹി ∙ തുച്ഛമായ ശമ്പളത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യവേയാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഒഴിവുകളുണ്ടെന്ന് ആതിര അറിയുന്നത്. അപേക്ഷിച്ചു; നിയമനം ലഭിച്ചു. ഡൽഹിയിൽ എത്തിയപ്പോഴാണ് അടുത്ത കടമ്പ. ഡൽഹിയിൽ ജോലിചെയ്യാൻ ഡൽഹി നഴ്സിങ് കൗൺസിലിൽ റജിസ്ട്രേഷൻ വേണം. കേരള നഴ്സിങ് കൗൺസിലിൽ തന്റെ നഴ്സിങ് സർട്ടിഫിക്കറ്റ് തിരികെ നൽകി എൻഒസി എടുത്ത് ഡൽഹി കൗൺസിലിൽ അപേക്ഷിച്ചു. റജിസ്ട്രേഷൻ നടപടി പൂർത്തിയാകാൻ എടുത്തത് രണ്ടരമാസം.
ശമ്പളം 20,000 രൂപയിൽ താഴെ. നഴ്സിങ് പഠന വായ്പയായ 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവിനു പോലും പണം തികയില്ല. കൂടാതെ, വീട്ടുവാടകയ്ക്കും ഭക്ഷണത്തിനും പണം കണ്ടെത്തണം.6 മാസം കഴിഞ്ഞ് ഗുരുഗ്രാമിലെ ആശുപത്രിയിൽ ജോലി കണ്ടെത്തി. പക്ഷേ, ഹരിയാന നഴ്സിങ് കൗൺസിലിൽ റജിസ്ട്രേഷൻ വേണം. നോയിഡയിൽ ശ്രമിച്ചാലോ? യുപി നഴ്സിങ് കൗൺസിലിൽ റജിസ്ട്രേഷൻ നിർബന്ധം.
ഹരിയാനയും യുപിയും രാജസ്ഥാനും ഡൽഹിയും ഉൾപ്പെടുന്ന ഡൽഹി–എൻസിആർ മേഖലയിലെ നഴ്സുമാരെ കുഴയ്ക്കുന്ന പ്രശ്നമാണ് സംസ്ഥാന നഴ്സിങ് കൗൺസിലിലെ റജിസ്ട്രേഷനും കാലതാമസങ്ങളും. ഇന്ത്യയിൽ ഏതു സംസ്ഥാനത്തും ജോലിക്ക് സഹായകമാകുന്ന അഖിലേന്ത്യാ റജിസ്ട്രേഷനാണ് പ്രശ്നപരിഹാരമായി നഴ്സുമാർ ആവശ്യപ്പെടുന്നത്:
തൊഴിലെടുക്കാൻ അനുവദിക്കാതെ...
ജോലിചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് നഴ്സിങ് ലൈസൻസ് റജിസ്ട്രേഷൻ മാറ്റണമെന്ന വ്യവസ്ഥ കാരണം തൊഴിലെടുക്കാനാകാത്ത അവസ്ഥയിലാണെന്ന് നഴ്സുമാർ പറയുന്നു. ആശുപത്രിയുടെ ഗ്രേഡും കിടക്കകളുടെ എണ്ണവുമനുസരിച്ച് വേതനം നൽകണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാൽ, യുപി, ഹരിയാന ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും അതു പാലിക്കപ്പെടുന്നില്ല.
നോക്കുകുത്തിയായിഎൻആർടിഎസ്
നഴ്സുമാരുടെ കൗൺസിൽ മാറ്റം ഉൾപ്പെടെ പരിഹരിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ 2018ൽ സജ്ജമാക്കിയ നഴ്സസ് റജിസ്ട്രേഷൻ ആൻഡ് ട്രാക്കിങ് സിസ്റ്റം (എൻആർടിഎസ്) ഏതാണ്ട് നിലച്ച അവസ്ഥയിലാണെന്നും നഴ്സുമാർ ആരോപിക്കുന്നു. കൗൺസിൽ മാറ്റങ്ങൾക്കായി (റസിപ്രോക്കൽ റജിസ്ട്രേഷൻ) ഓൺലൈൻ അപേക്ഷ പോർട്ടലിൽ നൽകിയാലും തുടർനടപടികൾക്കു കാലതാമസമുണ്ടാകുന്നു. 36 ലക്ഷത്തിലേറെ നഴ്സുമാരുള്ള രാജ്യത്ത് ആകെ 12 ലക്ഷത്തിൽ താഴെ പേർക്കാണ് എൻആർടിഎസ് റജിസ്ട്രേഷൻ നമ്പറായ എൻയുഐഡി (നാഷനൽ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ) ലഭിച്ചിട്ടുള്ളത്.