ഒന്നു കൈപിടിച്ചാൽ ഇനിയും ഉയരങ്ങളിലേക്ക്

Mail This Article
ന്യൂഡൽഹി ∙ ‘പരിമിതികളുടെ പരിധികളിലൊതുങ്ങാൻ തയാറല്ല. എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് ഇവിടെ വരെ എത്തിയത്. പക്ഷേ, നേട്ടങ്ങളുടെ വഴിയിൽ കൈത്താങ്ങ് നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൂടി തയാറാകണം’– ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നെത്തിയ ബാഡ്മിന്റൻ താരങ്ങൾ ഒരേസ്വരത്തിൽ പറയുന്നു.
ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങുന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് ആദ്യമെത്തിയത് ബാഡ്മിന്റൻ ടീമാണ്. രാജ്യാന്തര, ദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയ 8 പേരാണ് ടീമിലുള്ളത്. ഡ്വാർഫ് എസ്എച്ച്–6 വിഭാഗത്തിലാണ് ഇവരുടെ മത്സരം.
സുരന്യ സുരേന്ദ്രൻ (എറണാകുളം), ലത കുമാരി (തിരുവനന്തപുരം), രഞ്ജിനി അനീഷ് (ആലപ്പുഴ), ഗോകുൽ ദാസ് (കോഴിക്കോട്), സി.എസ്.ബൈജു (തൃശൂർ), അലൻ ജോസ് (കോട്ടയം), മഹേഷ് (ആലപ്പുഴ), കെ.ടി.നിതിൻ (കോഴിക്കോട്) എന്നിവരാണു സംഘത്തിലുള്ളത്. അതിൽ ഗോകുൽ ദാസും നിതിനും രാജ്യാന്തര മെഡൽ നേടിയവരാണ്.
‘ഞങ്ങളെപ്പോലെയുള്ള കായികതാരങ്ങൾക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. സംസ്ഥാന പാരാ ഗെയിംസിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയിട്ടാണ് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. എന്നാൽ, യാത്രാ ചെലവ് ഉൾപ്പെടെ സ്വന്തമായി കണ്ടെത്തേണ്ടി വരുന്നു.
രാജ്യാന്തര മത്സരങ്ങൾക്കു പോകുന്ന താരങ്ങൾ പോലും ചെലവ് സ്വന്തമായി കണ്ടെത്തുകയോ സ്പോൺസർമാരെ ആശ്രയിക്കുകയോ വേണം’– ദേശീയ ചാംപ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ വെങ്കലം നേടിയ സുരന്യ പറഞ്ഞു.
‘പാരാ ബാഡ്മിന്റനു പുറമേ ഷോട്പുട്ടിലും സംസ്ഥാനത്തു മെഡൽ നേടിയിരുന്നു. സ്കൂൾ കായികമേളയിലെ താരങ്ങൾക്ക് ഉൾപ്പെടെ ലഭിക്കുന്ന പരിഗണനയുടെയും അംഗീകാരത്തിന്റെയും ഒരുശതമാനം പോലും ഞങ്ങളെപ്പോലെയുള്ളവർക്കു ലഭിക്കുന്നില്ലെന്നത് ദുഖകരമാണ്’– ലത കുമാരി പറഞ്ഞു.
പല സംസ്ഥാനങ്ങളും പാരാ ഗെയിംസ് താരങ്ങൾക്കു ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനായി സാമ്പത്തികസഹായം നൽകുന്നുണ്ട്. മഹാരാഷ്ട്രയും മറ്റും ഒരു വശത്തേക്കുള്ള വിമാനടിക്കറ്റ് വരെ നൽകിയാണ് ഖേലോ ഇന്ത്യയ്ക്കു താരങ്ങളെ അയച്ചത്.
യാത്ര ഉൾപ്പെടെയുള്ള എല്ലാ ചെലവും വഹിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. എന്നാൽ, കേരളത്തിൽനിന്നുള്ള ബാഡ്മിന്റൻ താരങ്ങൾ ഇപ്പോൾ സ്വന്തം ചെലവിലാണ് ഡൽഹിയിലെത്തിയിട്ടുള്ളത്. അവരുടെ യാത്രാ ചെലവ് പിന്നീട് മടക്കിനൽകുമെന്നാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.