വിശന്നാൽ വീടുകൾക്കു നേരെ, ലക്ഷ്യം അരിയും കാലിത്തീറ്റയും; അട്ടപ്പാടിയിലെ മോഴയുടെ വരവും പോക്കും
Mail This Article
വിശന്നാൽ വീടുകൾക്കു നേരെ; ലക്ഷ്യം അരിയും കാലിത്തീറ്റയും
∙2018ൽ കോട്ടത്തറയിലാണു നാടു വിറപ്പിച്ച മോഴയാനയുടെ രംഗപ്രവേശം. ആ വർഷം അവസാനം ഒന്നു രണ്ടു വീടുകൾ ആക്രമിച്ച് മടങ്ങി. പിന്നീട് 2019ലെ ചക്ക സീസണിൽ വീണ്ടുമെത്തി. സീസൺ കഴിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മടങ്ങിയെങ്കിലും അധികം താമസിയാതെ ഷോളയൂരിലെത്തി, വീടുകളും തൊഴുത്തുകളും ആക്രമിക്കുന്നതു ശീലമാക്കി. അരിയും കാലിത്തീറ്റയും കവർന്ന് തിന്നുകയായിരുന്നു രീതി.
∙ ഓഗസ്റ്റ് 16: വായിൽ പരുക്കേറ്റ നിലയിൽ കോയമ്പത്തൂർ റെയ്ഞ്ച് പരിധിയിലെ വനാതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിൽ അലയുന്നതായി ഓഗസ്റ്റ് 16നു തമിഴ്നാട് വനപാലകരും ആനയെ നിരീക്ഷിച്ച വെറ്ററിനറി സർജനും റിപ്പോർട്ട് നൽകി.
∙ ഓഗസ്റ്റ് 17: ആനക്കട്ടിക്കടുത്ത് തൂവ ഊരിനു സമീപം ആന എത്തിയെന്നു വനം വകുപ്പിനു വിവരം. അഗളി റെയ്ഞ്ച് ഓഫിസർ കെ.ടി.ഉദയന്റെ നേതൃത്വത്തിൽ വനപാലകരും ആർആർടിയും ആനയെ നിരീക്ഷണത്തിലാക്കിയത് 17ന്.
∙ ഓഗസ്റ്റ് 18: കീരിപ്പതി ഊരിനടുത്തെത്തിയ ആന കാട്ടുചോലയ്ക്കരികിൽ നിലയുറപ്പിച്ചു. തീറ്റയും വെള്ളവും എടുക്കാനാവാത്ത അവസ്ഥയിലാണെന്നു വനപാലകർ റിപ്പോർട്ട് നൽകി. അന്നു രാത്രി ഊത്തുക്കുഴിൽ വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചു.
∙ ഓഗസ്റ്റ് 19: പഴത്തിൽ ആന്റിബയോട്ടിക് മരുന്നു നൽകാൻ ശ്രമം, വിജയിച്ചില്ല.
∙ ഓഗസ്റ്റ് 20: പുലർച്ചെ വരഗംപാടിയിൽ ബംഗാര ലക്ഷ്മിയുടെ വീട് തകർത്തു. കാലിത്തീറ്റ കവർന്നു. വനപാലകരുടെ കണ്ണു വെട്ടിച്ചു മുങ്ങിയ ആനയെ വൈകിട്ടു ബൊമ്മൻമുടി വനത്തിൽ ആദിവാസികൾ കണ്ടെത്തി. 20ന് രാത്രിയിൽ കുലുക്കൂരിലെ ആറുച്ചാമിയുടെ വീട് ഇടിച്ചുപൊളിച്ചു. തുടർന്ന് തെക്കേകടമ്പാറ വനത്തിലേക്ക് നീങ്ങി.
∙ ഓഗസ്റ്റ് 22: ആനയെ മയക്കുവെടി വച്ചു പിടികൂടി ചികിത്സ നൽകി.
∙ ഓഗസ്റ്റ് 24: മയക്കമുണർന്ന ആന 2 കിലോമീറ്റർ ദൂരെ ചാവടിയൂർ വാഴക്കരപള്ളത്ത് ശിവൻ പൊന്നുചാമിയുടെ വീടിന്റെ ഭാഗം പൊളിച്ചു. പുലർച്ചെ 3 കിലോമീറ്ററോളം നടന്നു വീണ്ടും ബൊമ്മൻമുടി വനത്തിലെത്തി. അവശനായ ആന മൂലഗംഗൽ വഴി തമിഴ്നാട് വനത്തിലേക്കു കടന്നു. ഇതിനിടെ മറ്റ് ആക്രമണങ്ങളും.
∙സെപ്റ്റംബർ 6: രാത്രി തൂവയിൽ തിരികെയെത്തി .
∙ സെപ്റ്റംബർ 9: ഏറെയൊന്നും നടന്നില്ല. ഇന്നലെ മരപ്പാലത്ത് ചരിഞ്ഞു.