കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ‘ജയ് കിസാൻ മാർച്ച്’
Mail This Article
പാലക്കാട്∙ പ്രധാനമന്ത്രി നരേന്ദ്രമോദി കോർപറേറ്റ് കമ്പനികളുടെ ദാസനായി മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കുഴൽമന്ദം മുതൽ പാലക്കാട് വരെ നടത്തിയ ‘ജയ് കിസാൻ മാർച്ച്’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന് മുദ്രവാക്യം മുഴക്കിയാണ് മോദി അധികാരത്തിൽ വന്നത്.
എന്നാൽ, കാർഷിക നിയമ പരിഷ്കാരത്തിലൂടെ കർഷകരെ അദാനിക്കും അംബാനിക്കുമായി ഒറ്റിക്കൊടുത്തെന്നും ശ്രീനിവാസ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തുടർച്ചയായി കോൺഗ്രസ് തോൽക്കുന്ന മണ്ഡലങ്ങളിൽ പുതുമുഖങ്ങൾ മൽസരിച്ചേ തീരുവെന്നും ഒരു തിരഞ്ഞെടുപ്പ് ഫലം കൊണ്ട് കോൺഗ്രസ് ഒലിച്ചുപോയെന്ന് പാർട്ടിക്ക് അകത്തും പുറത്തുമുള്ള ആരും തെറ്റിദ്ധരിക്കേണ്ടെന്നും ഷാഫി പറഞ്ഞു.
കുഴൽമന്ദത്ത് നിന്ന് ആരംഭിച്ച ട്രാക്ടർ മാർച്ച് വിക്ടോറിയ കോളജ് പരിസരത്ത് സമാപിച്ചു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനമായി കോട്ടമൈതാനത്തെത്തിയാണ് സമാപനസമ്മേളനം നടന്നത്. സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.എസ്. ശബരിനാഥൻ എംഎൽഎ, റിയാസ് മുക്കോളി, എസ്.എം. ബാലു, എംപിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, മുൻ എംപി വി.എസ്. വിജയരാഘവൻ,
യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കെ.എം. ഫെബിൻ, ഒ.കെ. ഫാറൂഖ്, ഡോ. എസ്. സരിൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുന്ന ക്യാംപിന് ഇന്നലെ മലമ്പുഴയിൽ തുടക്കമായി. ഇന്ന് നടക്കുന്ന ചർച്ചയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചു ചർച്ച നടക്കുമെന്നാണ് സൂചന.