ഗുരുവായൂരപ്പനെ കാണാൻ കൊതിച്ച് ഗ്രാമത്തിൽ വീട് വച്ചു; താമസിക്കാൻ നിൽക്കാതെ മടക്കം
Mail This Article
കൂറ്റനാട് ∙ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ വിശ്രമജീവിതം എന്ന ആഗ്രഹത്തിൽ നിർമിച്ച വീട്ടിൽ താമസം തുടങ്ങും മുൻപാണു കവിയും ഗാനരചയിതാവുമായ എസ്. രമേശൻനായരുടെ മടക്കം. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതുപ്പുള്ളിയിൽ അദ്ദേഹം വീട് നിർമിച്ചിരുന്നു. പക്ഷേ, വീട്ടിൽ താമസിക്കും മുൻപ് അദ്ദേഹം മടങ്ങി. ഗുരുവായൂരപ്പ ഭക്തനായ അദ്ദേഹം ക്ഷേത്ര ദർശനത്തിനു സൗകര്യമുള്ള സ്ഥലം തിരഞ്ഞെടുത്തതാകാം പെരിങ്ങോടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.
വീടു പണിക്കിടെ കോവിഡ് കാലത്തും അദ്ദേഹം ഇവിടെ എത്തിയിരുന്നു. പാലുകാച്ചൽ എങ്ങനെ നടത്തണം എന്ന ആഗ്രഹം കൂടി പങ്കുവച്ചാണു മടങ്ങിയത്. പാലുകാച്ചൽ ചടങ്ങിന്റെ ഭാഗമായി കവി സമ്മേളനം നടത്തണം എന്ന ആഗ്രഹവും പങ്കുവച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കുടുംബസമേതം എത്തിയപ്പോൾ പറഞ്ഞ ആ വാക്കുകൾ ബാക്കിവച്ച് അദ്ദേഹം മടങ്ങിയപ്പോൾ അതു താങ്ങാവുന്നതിലേറെ വേദനയാണു വീടിന്റെ മേൽനോട്ടക്കാരനായ രാരംപുള്ളി ഗംഗാധരനും കുടുംബത്തിനും.
മഹാകവിതയ്ക്ക് മംഗളം
കവി ഗാനരചയിതാവാകുന്ന സൗഭാഗ്യശൃംഖലയിലെ അവസാന കണ്ണികളിലൊന്നുകൂടി അടർന്നുവീണു. രമേശൻ നായർ എഴുതുമ്പോൾ സംഗീതവും ഒപ്പമൊഴുകുന്നു. ആശയഭംഗിയും പദഭംഗിയും വിളക്കും വെളിച്ചവും പോലെ ഒരുമിക്കുന്ന അപൂർവതയാണ് ആ രചനകൾ. ഈ ശ്രേഷ്ഠകവിയുടെ അസംഖ്യം രചനകളിൽ നാദസുകൃതമാകാൻ സിദ്ധിച്ച ഈശ്വരാനുഗ്രത്തിനു മുൻപിൽ നമസ്കരിക്കട്ടെ.
‘‘ഉണ്ണീ... ഈ ശ്ലോകങ്ങൾ മുടങ്ങാതെ ജപിക്കണം’’, രമേശൻ നായരുടെ അനുഗ്രഹവചസ്സുകൾ ശ്ലോകങ്ങളായി എന്റെ മനസ്സിന്റെ പൂജാമുറിയിൽ ഇന്നും മുഴങ്ങുന്നു. ഈ എളിയ പാട്ടുകാരന്റെ ശബ്ദം ബ്രാഹ്മ മുഹൂർത്തത്തിൻ ശംഖൊലിയായതും കാടനെ കവിയാക്കുന്ന കാരുണ്യം തേടിയതും മൂകാംബികയിൽ കുങ്കുമമായുതിർന്നതും ചോറ്റാനിക്കരയിലെ പോറ്റമ്മയെ വാഴ്ത്തിയതും ആലുവാ മണപ്പുറത്ത് ശിവരാത്രി കൂടിയതും ശബരിമല അയ്യപ്പസ്വാമിക്കു നെയ്യഭിഷേകമായതും ആദികവിയുടെ രാമായണത്തിൽ ചേർന്നതും... അങ്ങനെയങ്ങനെ ആധ്യാത്മികതയുടെ പുണ്യസ്ഥാനങ്ങളിലെല്ലാം പരമസൗഭാഗ്യമായതും ഭക്ത്യാദരപൂർവം ഓർത്തുപോകുന്നു.
തനിക്കവികൾ സ്വയം പിൻവാങ്ങുകയോ കാലം അവരെ നിർബന്ധിത അവധിയിൽ വിട്ടിരിക്കുകയോ ആണെന്നു പലപ്പോഴും തോന്നാറുണ്ട്. കുറച്ചു മാസം മുൻപു ഞാൻ രമേശൻ സാറിനെ വിളിച്ചു, ‘‘സാർ, എനിക്കു രണ്ടു മൂകാംബികാ ഗീതങ്ങൾ ചെയ്യണം.’’ ദിവസങ്ങൾക്കുള്ളിൽ രണ്ടു പാട്ടുകൾ പിറന്നു. രണ്ടു പാട്ടുകളുടെയും ഓഡിയോ പൂർത്തിയാക്കി അദ്ദേഹത്തെ കേൾപ്പിക്കാൻ സാധിച്ചു. പാട്ടുകൾ മൂകാംബികയിൽ പോയി ചിത്രീകരിച്ചു. ഒരു പാട്ടിന്റെ വിഡിയോ സാറിനെ കാണിച്ചു. ഒരെണ്ണം തയാറാവുന്നതേയുള്ളൂ. അതു സാറിനുള്ള സ്മരണാഞ്ജലിയാകട്ടെ. കൺമുന്നിലെ ആ ചിരി ഇനിയില്ല. പക്ഷേ, സാറിന്റെ പ്രിയപ്പെട്ട ഉണ്ണിയുടെ അകക്കണ്ണിൽനിന്ന് ആ ചിരി ഒരിക്കലും മായില്ല. മലയാളമണ്ണിലെ കവിത വിണ്ണിൽ ലയിച്ചിരിക്കുന്നു. മഹാകവിതയ്ക്കു മംഗളം, മഹാകവിക്കു ഹൃദയാർച്ചന.