ADVERTISEMENT

പാലക്കാട് ∙ എം.ശ്രീശങ്കർ എന്ന ഒളിംപ്യനിലൂടെ നേട്ടത്തിനു നെറുകയിലാണെങ്കിലും മികച്ച കായിക പരിശീലനത്തിനു വേണ്ട പശ്ചാത്തലം ഒരുക്കുന്നതിൽ ജില്ല ഇന്നും പിന്നിലാണ്. ഒട്ടേറെ രാജ്യാന്തര താരങ്ങൾ പന്തു തട്ടിയും ഓടിയും പഠിച്ച ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം, കൊട്ടിഘോഷിച്ചു തുടങ്ങിയ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയം അടക്കം ജില്ലയിലെ വിവിധ താലൂക്കുകളിലെ മൈതാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഏതു ദേശീയ, സംസ്ഥാന മത്സരങ്ങളിലും മെഡൽ പട്ടികയിൽ ജില്ലയിലെ താരങ്ങൾ ഉണ്ടാകും. ഇവർക്കു വേണ്ടതു പ്രോത്സാഹന വാക്കുകളല്ല, കൂടുതൽ മികവിലേക്കുയരാൻ യോജിച്ച അടിസ്ഥാന സൗകര്യങ്ങളും പരിശീലനത്തിനു മൈതാനങ്ങളുമാണെന്നു പരിശീലകരും കായികതാരങ്ങളും പറയുന്നു.

ലോങ്ജംപിൽ ഒളിംപ്യൻ ശ്രീശങ്കറിന്റെ കോമൺവെൽത്ത് ഗെയിംസ് വെള്ളി നേട്ടം ജില്ലയ്ക്കും രാജ്യത്തിനും മുതൽക്കൂട്ടാണ്. ഇതോടൊപ്പം ദേശീയ സംസ്ഥാന വടംവലി മത്സരങ്ങളിലെ വിജയം, ത്രോബോൾ ദേശീയ മത്സരത്തിൽ വിജയം, സംസ്ഥാന സീനിയർ അത്‌ലറ്റിക്സിൽ ജില്ലാ ടീമിന്റെ നേട്ടം, സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക്സിൽ അണ്ടർ 20 ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം എന്നിങ്ങനെ നൂറിലേറെ താരങ്ങൾ പരിമിതമായ സൗകര്യത്തിൽ നിന്നുയർന്നു ജില്ലയുടെ അഭിമാനമായി.

ഇവർക്കും സഹതാരങ്ങൾക്കും വേണ്ടി മികച്ച മൈതാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ പാലക്കാടിന് ഒട്ടേറെ രാജ്യാന്തര താരങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നുറപ്പ്. കായിക താരങ്ങളുടെ പ്രതീക്ഷയായ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നിലവിൽ കാലുകുത്താൻ പറ്റില്ല. കായികമായി ഒന്നും സംഘടിപ്പിക്കാനോ പരിശീലിക്കാനോ പറ്റാത്ത സ്ഥിതിയാണ്. ഇൻഡോർ സ്റ്റേഡിയത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 9 മാസംകൊണ്ടു നിർമാണ പ്രവൃത്തി പൂർത്തിയാക്കുമെന്നു പറഞ്ഞെങ്കിലും പണി ഒച്ചിഴയും വേഗത്തിലാണ്.

സംസ്ഥാനത്തു കൂടുതൽ നീന്തൽ താരങ്ങളുള്ള ജില്ലയിൽ നല്ലൊരു നീന്തൽ കുളമില്ല. ചിറ്റൂർ കോളജിൽ ഒരുക്കിയ നീന്തൽക്കുളം ഇതുവരെയും തുറന്നു കൊടുത്തിട്ടില്ല. പാലക്കാട് ഗവ.മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്ക് പൂർണമായും ഉപയോഗ യോഗ്യമാകണമെങ്കിൽ അടിസ്ഥാന സൗകര്യം ഇനിയും വേണം. ജില്ലയിൽ ശോച്യാവസ്ഥയിലുള്ള മൈതാനങ്ങൾ ഇനിയെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലാക്കണം. പൂർത്തിയാക്കിയ കായിക പദ്ധതികൾ സംരക്ഷിക്കുകയും വേണം. ഇതിനായി ജനപ്രതിനിധികളുടെ ഇടപെടൽ വേണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com