പകർച്ചവ്യാധി തടയാൻ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം
Mail This Article
പൊള്ളാച്ചി ∙ താലൂക്കിൽ പകർച്ചവ്യാധികൾ പടരുന്നതിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തെ തുടർന്നാണ് നടപടി. ഗ്രാമീണ മേഖലയിൽ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നിർദേശമുണ്ട്. റോഡരികിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്ന് നഗരസഭാശുചീകരണ തൊഴിലാളികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. മലേറിയ, ടൈഫോയ്ഡ്, ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുമായി ദിനംപ്രതി സർക്കാർ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത് ഒട്ടേറെ പേരാണ്.
കോട്ടൂർ റോഡ്, കണ്ണപ്പനഗർ, ടി.കോട്ടാംപട്ടി, മരപ്പേട്ട വീഥി, വേട്ടക്കാരൻ പുതൂർ, ഊത്തുക്കുളി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നാണ് രോഗബാധിതരായി കൂടുതൽ ആളുകൾ ചികിത്സയ്ക്ക് എത്തുന്നത്. റോഡോരങ്ങളിലെ മാലിന്യ തൊട്ടിയിലും വീടിന്റെ പരിസരങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ ദിവസങ്ങൾക്കു ശേഷമാണ് ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുന്നത്. പഞ്ചായത്തുകളിൽ ഉൾപ്പെട്ട വീടുകളിൽ മാലിന്യങ്ങൾ എടുക്കാൻ ശുചീകരണ തൊഴിലാളികൾ എത്താൻ വൈകുന്നതായും പരാതിയുണ്ട്.
ഡെങ്കിപ്പനി തടയാൻ തമിഴ്‌നാട് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ
∙രോഗം പടരുന്നത് തടയാൻ ഗ്രാമം, നഗരം, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് തലങ്ങളിൽ സർവേ നടത്തുക.
∙ടിവി, റേഡിയോ, സിനിമാ സ്ലൈഡുകൾ തുടങ്ങിയ വിവിധ മാധ്യമ സ്രോതസ്സുകളിലൂടെ ഡെങ്കിപ്പനിയെയും രോഗബാധയെയും കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക.
∙ഡെങ്കിപ്പനി മൊബൈൽ ആപ്പ് വികസിപ്പിക്കുന്നു
∙തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം കൊതുകു നിവാരണ നടപടികൾ സ്വീകരിക്കുക
∙പ്രത്യേക മെഡിക്കൽ ക്യാംപുകൾ നടത്തി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.
∙സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് ദിവസേനയുള്ള പനി റിപ്പോർട്ട് ലഭിക്കുന്നതിലൂടെ രോഗവ്യാപ്തി കണ്ടെത്തി നടപടി സ്വീകരിക്കുന്നു