10 കിലോമീറ്റർ പരിധിയിൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധ സമരം

Mail This Article
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ 10 കിലോമീറ്റർ പരിധിയിലുള്ള നാട്ടുകാർക്ക് സൗജന്യം നൽകണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. സൗജന്യം നൽകേണ്ട പ്രദേശങ്ങളുടെ മാപ്പ് ടോൾ പ്ലാസയിൽ ഒട്ടിച്ച് പ്രതിഷേധ സമരം നടത്തി.ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി.കെ.അച്യുതൻ, സുരേഷ് വേലായുധൻ, ജിജോ ജയിംസ്, ഷിബു ജോൺ, കെ.ശിവദാസ്, മോഹനൻ പള്ളിക്കാട്, സലീം തണ്ടലോട് എന്നിവർ പ്രസംഗിച്ചു.
6 പഞ്ചായത്തിലെ ജനങ്ങൾക്ക് നൽകിയിരുന്ന സൗജന്യം ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യം നൽകുമെന്നാണ് ടോൾ കമ്പനി പറയുന്നത്. എന്നാൽ സർവ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടതുപോലെ 10 കിലോമീറ്റർ പരിധിയിലുള്ളവർക്കും സ്കൂൾ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോറിക്ഷയ്ക്കും സൗജന്യം നൽകണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജനകീയവേദി ഭാരവാഹികൾ പറഞ്ഞു.
പാലിയേക്കരയിൽ 10 കിലോമീറ്റർ വായുദൂരം സൗജന്യ യാത്ര അനുവദിച്ചത് പന്നിയങ്കരയിലും തുടരണം. കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവ കക്ഷി യോഗത്തിൽ എഡിഎമ്മിനെ അതിർത്തി നിർണയത്തിന് ചുമതലപ്പെടുത്തിയിരുന്നു. ഇത് അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന ടോൾ കമ്പനിയുടെ നിലപാട് അംഗീകരിക്കില്ലെന്നും ഇന്ന് എഡിഎമ്മിനെ കണ്ട് രേഖകൾ സമർപ്പിക്കുമെന്നും ജനകീയവേദി ഭാരവാഹികൾ പറഞ്ഞു.
വടക്കഞ്ചേരി മേൽപാലം പരിശോധിക്കണം
∙മണ്ണുത്തി–വടക്കഞ്ചേരി ആറുവരി പാതയിലെ വടക്കഞ്ചേരി മേൽപാലം തുടർച്ചയായി കുത്തിപ്പൊളിക്കുന്നത് പരിശോധിക്കണമെന്നും ബലക്ഷയം സംബന്ധിച്ച് ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ വേദി ദേശീയപാത അതോറിറ്റിക്ക് കത്തു നൽകി.പാലത്തിലെ കോൺക്രീറ്റ് ഇളകി വിള്ളലുണ്ടാവുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുകയും ചെയ്യുന്നത് പരിശോധിക്കണം. 2021-ൽ മേൽപാലം ഗതാഗതത്തിനായി തുറന്നശേഷം എഴുപതോളം തവണ കുത്തിപ്പൊളിച്ചു. ബീമുകൾക്കും ബലക്ഷയമുണ്ട്. വിദഗ്ധ സമിതി പരിശോധന നടത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു.