റെയിൽവേയുടെ പദ്ധതി: ഷൊർണൂർ സ്റ്റേഷനു മുൻപിൽ ബസ് കാത്തിരുപ്പുകേന്ദ്രം

Mail This Article
ഷൊർണൂർ ∙ സതേൺ റെയിൽവേ ജനറൽ മാനേജർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാനൊരുങ്ങി റെയിൽവേ. സ്റ്റേഷനു മുന്നിൽ തന്നെയാണ് ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ചു പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത്. ഇതിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു മഴയും വെയിലും കൊണ്ടു റോഡരികിൽ ബസ് കാത്തു നിൽക്കാൻ ബുദ്ധിമുട്ടാണ്. പലരും റെയിൽവേ കവാടത്തിനു മുന്നിൽക്കയറിയാണു ബസ് കാത്തു നിൽക്കുന്നത്. ഇതിനു പരിഹാരം കാണാനും യാത്രക്കാർക്കു സുരക്ഷിതമായി ബസ് കാത്തു നിൽക്കാനുമാണു കാത്തിരിപ്പു കേന്ദ്രം ഒരുക്കുന്നത്.
റിപ്പോർട്ടിൽ സമർപ്പിച്ചിട്ടുള്ള ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു ടൗണിലേക്കുള്ള പുതിയ റോഡ് തുറക്കുമ്പോൾ പഴയ റോഡ് പാർക്കിങ്ങിന് ഉപയോഗിക്കാനുള്ള നിർദേശവും പരിഗണിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന റെയിൽവേ സ്റ്റേഷന്റെ അവസാനഘട്ട പ്രവൃത്തികൾ വിലയിരുത്താൻ കഴിഞ്ഞ ദിവസമാണു ജനറൽ മാനേജർ ആർ.എൻ.സിങ് സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.