മുത്തൂരിനു തലയൂരാൻ മേൽപ്പാലം വരണം

Mail This Article
തിരുവല്ല ∙ എംസി റോഡിൽ മുത്തൂരിലെ ഗതാഗതത്തിരക്കും കുരുക്കും കുറയ്ക്കാനായി മേൽപ്പാലം എന്ന ആശയത്തിലേക്കു സർക്കാർ. സംസ്ഥാന ബജറ്റിൽ ടോക്കൺ തുക മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രാവർത്തികമാകാൻ പണവും അനുമതിയും വേണ്ടിവരും. കാവുംഭാഗം, കുറ്റപ്പുഴ, ചുമത്ര എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ മുത്തൂർ ആൽത്തറ ജംക്ഷനിലാണ് എത്തിച്ചേരുന്നത്. ഈ മൂന്നു റോഡുകളിൽ നിന്നുള്ള വാഹനങ്ങളും എംസി റോഡിൽ ചങ്ങനാശേരി, തിരുവല്ല ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും കൂടിയാകുമ്പോഴാണ് വാഹനത്തിരക്ക് നിയന്ത്രണാതീതമാകുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും അഞ്ചു റോഡുകളിലൂടെ എത്തിച്ചേരുന്ന വാഹനങ്ങൾ മൂലം ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്.
തിരക്കിന് പരിഹാരം
എംസി റോഡിൽ കൂടി വരുന്ന വാഹനങ്ങൾ മേൽപ്പാലത്തിലൂടെ പോകുന്ന രീതിയാണ് അനുയോജ്യം. മറ്റു മൂന്നു റോഡുകളിലൂടെ വരുന്ന വാഹനങ്ങൾ നിലവിലെ റോഡിൽകൂടി പോകണം. ഇതോടെ അഞ്ചു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് എങ്ങും കാത്തുനിൽക്കാതെ യാത്ര തുടരാമെന്നതാണ് ഇതിന്റെ പ്രത്യേകത. കാവുംഭാഗം-മുത്തൂർ, കുറ്റപ്പുഴ-മുത്തൂർ റോഡുകൾ ഉന്നത നിലവാരത്തിൽ നിർമിച്ചതാണ്. കുറ്റൂരിൽ നിന്നു തുടങ്ങുന്ന റോഡ് മനയ്ക്കച്ചിറ, കിഴക്കൻ മുത്തൂർ , ചുമത്ര വഴി മുത്തൂരിലെത്തിച്ചേരുന്നതു നിർമാണഘട്ടത്തിലാണ്. ഇതു പൂർത്തിയാകുന്നതോടെ വാഹനങ്ങളുടെ തിരക്ക് വീണ്ടും വർധിക്കും. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വരുന്ന വാഹനങ്ങളുടെ തിരക്കും മുത്തൂരിലെത്തിച്ചേരും. ഭാവിയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മേൽപ്പാലത്തിന്റെ നിർമാണം കാലതാമസം കൂടാതെ പൂർത്തിയാക്കണം.
ബാധിക്കില്ല
എംസി റോഡിന് ഈ ഭാഗത്ത് 20 മീറ്ററോളം വീതിയുണ്ട്. മേൽപ്പാലം റോഡുമായി സംഗമിക്കുന്ന രണ്ടു ഭാഗത്തു മാത്രം കുറച്ച് സ്ഥലം എടുക്കേണ്ടിവരും. മേൽപ്പാലം വരുന്നത് നിലവിലെ വ്യാപാര സ്ഥാപനങ്ങളെ ഒരു തരത്തിലും ബാധിക്കാൻ സാധ്യതയില്ല. താഴെ സർവീസ് റോഡ് പോകുന്നതു കാരണം വാഹനങ്ങൾക്കു എവിടെയും എത്തിച്ചേരുന്നതിനു കഴിയും.
" രണ്ടു മാസത്തിനുള്ളിൽ ബൈപാസ് യാഥാർഥ്യമാകുന്നതോടെ തിരുവല്ല നഗരത്തിലെ ഗതാഗതത്തിരക്കു കുറയും. നഗരത്തിലൂടെയും ബൈപാസിലൂടെയും വരുന്ന വാഹനങ്ങളെല്ലാം മുത്തൂർ വഴിയാണ് പോകേണ്ടത്. 5 റോഡുകൾ സംഗമിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കിനു പരിഹാരമായി ആസ്തി വികസന ഫണ്ടിൽ നിന്നു സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു. എന്നിട്ടും കുരുക്കിനു പരിഹാരമില്ലാതെ വന്നതോടെയാണ് ബജറ്റിലേക്ക് മേൽപ്പാലം എന്ന ആശയം നൽകിയത്. അത് മന്ത്രി അംഗീകരിക്കുകയും ഉൾപ്പെടുത്തുകയും ചെയ്തു." - മാത്യു ടി.തോമസ് എംഎൽഎ