കെഎസ്ആർടിസി സ്റ്റാൻഡിലെ കിണർ മലിനമെന്നു പരാതി
Mail This Article
പത്തനംതിട്ട ∙ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന്റെ പരിസരത്തുള്ള കിണർ വൃത്തിഹീനമാണെന്നും വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്നും പരാതി. സമീപത്തെ ഓടകളിൽനിന്നു കിണറ്റിലേക്കു വെള്ളം ഇറങ്ങുന്നതിനാൽ ഇതിലെ വെള്ളം മലിനമാണെന്നും നാട്ടുകാർ പറഞ്ഞു. മൂടിയിട്ടു സംരക്ഷിച്ചിട്ടുണ്ടെങ്കിലും കിണറിന്റെ പരിസരം കാടുകയറിയ അവസ്ഥയിലാണ്. ഈ കാടു വെട്ടിത്തെളിച്ച് പരിസരം വൃത്തിയാക്കാനോ കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാനോ തയാറാകാതെ പ്രശ്നം പൂർണമായും അധികൃതർ അവഗണിക്കുകയാണെന്നാണു നാട്ടുകാരുടെ പരാതി.
എന്നാൽ കിണറിലെ വെള്ളം കുടിക്കാനടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല എന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കെഎസ്ആർടിസി കെട്ടിടത്തിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും എടുക്കുന്നതു കുഴൽ കിണറിൽ നിന്നുള്ള ശുദ്ധജലമാണെന്നും കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നത് വാഹനങ്ങൾ കഴുകാനും പരിസരം വൃത്തിയാക്കാനും മാത്രമാണ്. മഴക്കാലമായതിനാൽ കിണറ്റിലെ ജലം നീക്കം ചെയ്ത് ശുദ്ധീകരിക്കാൻ നിലവിൽ സാധ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.