തിരുവല്ല താലൂക്ക് ആശുപത്രി: ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം തുടങ്ങി

Mail This Article
തിരുവല്ല ∙ താലൂക്ക് ആശുപത്രിയിലെ ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. ഒപി ബ്ലോക്ക് ആദ്യം പ്രവർത്തിച്ചിരുന്ന സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണു പുതിയ കെട്ടിടം നിർമിക്കുന്നത്. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 15 കോടി രൂപയ്ക്കു മൂന്നു നില കെട്ടിടമാണു നിർമിക്കുന്നത്. ഒപി പ്രവർത്തിച്ചിരുന്ന പഴയ ഇടുങ്ങിയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ 5 വർഷം മുൻപാണു തുടങ്ങിയത്. പണം അനുവദിച്ചെങ്കിലും കെട്ടിടത്തിന്റെ രൂപരേഖ സംബന്ധിച്ചു തീരുമാനമാകാതെ വന്നതോടെയാണു നിർമാണം നീണ്ടുപോയത്.
പുതിയ കെട്ടിടത്തിന് 3 നിലകളിലായി 30600 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഓരോ നിലയ്ക്കും 10200 ചതുരശ്ര അടി വിസ്തീർണമുണ്ട്. താഴത്തെ നിലയിൽ മെഡിക്കൽ, ഓർത്തോ, സർജറി, പനി ഒപികളും പാലിയേറ്റീവ് കെയർ, ഫാർമസി, ലാബ്, സ്റ്റോർ, എക്സ്റേ, ഇസിജി, സ്കാനിങ് എന്നിവയുണ്ടാകും. ഒന്നാമത്തെ നിലയിൽ ഗൈനക്കോളജി, ഡെന്റൽ ഒപികളും ലാബും, കൂടാതെ മെഡിക്കൽ, ജനറൽ ഒപികളും ഓപ്പറേഷൻ തിയറ്റർ, അൾട്രാ സൗണ്ട് സ്കാനിങ്, ഇഎൻടി എന്നിവയുണ്ടാകും. രണ്ടാം നിലയിൽ പീഡിയാട്രിക്, ഓഫ്താൽമോളജി ഒപികൾ മുലയൂട്ടൽ മുറി, വിശ്രമമുറി, വയോമിത്രം, ഡൈനിങ് മുറി എന്നിവയാണ്.
ഒപി കെട്ടിടത്തിൽ നിന്നു നിലവിൽ പ്രവർത്തനം നടക്കുന്ന 7 നില കെട്ടിടത്തിലേക്കു പോകുന്നതിനു മേൽപാലവും നിർമിക്കും. എല്ലാ നിലകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, കാത്തിരിപ്പു മുറികൾ, ലോബി, ഡോക്ടേഴ്സ്, നേഴ്സസ് മുറി എന്നിവയും നിർമിക്കും. ഒന്നര വർഷമാണു നിർമാണ കാലാവധി. നിലവിൽ ഒപി പ്രവർത്തിക്കുന്നതു പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിലാണ്. ഇതിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. കെട്ടിടം കാലപ്പഴക്കം ചെന്നതുമാണ്. വർഷങ്ങൾക്കു മുൻപ് 7 നില കെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും 5 നിലകൾ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 170 കിടക്കകൾ മാത്രമാണ് ഇപ്പോഴുള്ളത്.
പദവി ഉയർത്തണം
ആശുപത്രിയുടെ പദവി താലൂക്ക് ആശുപത്രി എന്നതിൽ നിന്ന് ജനറൽ ആശുപത്രിയായി ഉയർത്തുകയും സ്പെഷലിസ്റ്റ് ഡോക്ടർമാരെയും കൂടുതൽ നേഴ്സുമാരെയും നിയമിക്കുകയും ചെയ്താൽ മാത്രമേ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കുകയുള്ളു.