ജില്ലയിൽ ‘മുറിൻ ടൈഫസ്’ രോഗം സ്ഥിരീകരിച്ചു
Mail This Article
തിരുവനന്തപുരം ∙ രാജ്യത്ത് അപൂർവമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോഗം 'മുറിൻ ടൈഫസ്' തലസ്ഥാനത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശരീരവേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം കഴിഞ്ഞ മാസം 8നാണ് രോഗി ചികിത്സ തേടിയത്. ശക്തമായ ശ്വാസതടസ്സം നേരിടുന്നതായും കരളിന്റെയും വൃക്കയുടെയും പ്രവർത്തനം തകരാറിലായതായും പരിശോധനയിൽ കണ്ടെത്തി.
ചെള്ള് പനി, എലിപ്പനി, മലേറിയ, ഡെങ്കി തുടങ്ങിയവയുടെയെല്ലാം പരിശോധന ഫലങ്ങൾ നെഗറ്റീവായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് വെല്ലൂർ സിഎംസിയിലേക്ക് സാംപിൾ അയച്ചു. പരിശോധനയിൽ മുറിൻ ടൈഫസ് സ്ഥിരീകരിക്കുകയായിരുന്നു. തലസ്ഥാനത്ത് എത്തുന്നതിനു മുൻപുള്ള 3 ആഴ്ച രോഗി കംബോഡിയ, വിയറ്റ്നാം, ബാങ്കോക്ക് എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. പനി, പേശീവേദന, ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമാവുക തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.