വെയിലാണ്, എന്നാലും തളരില്ല; ആറ്റുകാൽ ഡ്യൂട്ടി കിട്ടിയാൽ ഇവർക്ക് വളരെ ആവേശമാണ്

Mail This Article
തിരുവനന്തപുരം∙ ചുട്ടുപൊള്ളുന്ന വെയിലാണ്. ചുറ്റും പൊടിയും വാഹനങ്ങളുടെ പുകയും തിരക്കും. ഇതിനിടയിലും ചാരനിറത്തിലുള്ള യൂണിഫോമും കൈകളിൽ ചൂലുമായി ചുറുചുറക്കോടെ ഓടിനടക്കുന്ന ചിലരെ കാണാം. കോർപറേഷന്റെ വനിതാ ശുചീകരണ തൊഴിലാളികൾ. ആറ്റുകാൽ ഡ്യൂട്ടി കിട്ടിയാൽ ഇവർക്ക് വളരെ ആവേശമാണ്. ക്ഷേത്ര പരിസരത്തെ മാലിന്യമെല്ലാം പെറുക്കിമാറ്റി തൂത്ത് വൃത്തിയാക്കിയിടുന്നത് ഇവരാണ്. രാവിലെ മൂന്നിന് വെളിച്ചം വീഴുന്നതിനു മുൻപ് ഇവരുടെ ജോലി തുടങ്ങും.
പലരും സ്വന്തം ഇരുചക്ര വാഹനങ്ങളിലാണ് വരുന്നത്. മറ്റുള്ളവരെ ബന്ധുക്കൾ ആരെങ്കിലും കൊണ്ടുവിടുന്നതാണു പതിവ്. വഴിയിൽ തെരുവുനായ്ക്കളെ പേടിക്കണമെന്നൊഴിച്ചാൽ ആ സമയത്തെ യാത്രയിൽ ഇവർക്ക് ഭയമൊന്നുമില്ല. മണക്കാട് ചന്ത മുതൽ ആറ്റുകാൽ ക്ഷേത്രം വരെയുള്ള ഭാഗം വൃത്തിയാക്കേണ്ട ചുമതലയാണ് ശുചീകരണ തൊഴിലാളികൾക്ക്. ആറു പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് പ്രവർത്തനം.
തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും ഒരുമിച്ചു ജോലിചെയ്യുമ്പോൾ ജോലിഭാരം അറിയില്ലെന്നാണ് ഇവരുടെ പക്ഷം. രാവിലെ 9 ആകുമ്പോൾ ഡ്യൂട്ടി തീരും. ഉച്ചയ്ക്ക് രണ്ടിന് അടുത്ത ഷിഫ്റ്റുകാർ പ്രവേശിക്കും. ഇത്തരത്തിൽ മൂന്നു ഫിഫ്റ്റുകളായി രാവിലെ 1 വരെ സദാ കർമനിരതരാണ് ശുചീകരണ തൊഴിലാളികൾ.
‘ഞാൻ ജോലിക്കു പ്രവേശിച്ചത് മാർച്ചിലായിരുന്നു. ആദ്യം ലഭിക്കുന്നത് പൊങ്കാല ഡ്യൂട്ടിയാണ്. വലിയ സന്തോഷമായിരുന്നു അന്ന്. ദേവിയുടെ സന്നിധിയിൽ സമയം ചെലവഴിക്കാൻ കഴിയുന്നതു തന്നെ വലിയ അനുഗ്രഹമായാണ് കണ്ടത്. ഇപ്പോൾ 10 വർഷമായി തുടർച്ചയായി പൊങ്കാല സമയത്ത് ഞാനിവിടെയുണ്ട്– തൊഴിലാളികളിൽ ഒരാളായ വിജയകുമാരി പറഞ്ഞു.
വിജയകുമാരി മാത്രമല്ല സുഹൃത്തുക്കൾ വിമലയും ജയന്തിയുമെല്ലാം 10 വർഷമായി ആറ്റുകാൽ ഡ്യൂട്ടി ചെയ്യുന്നവരാണ്. ഓരോ വർഷവും തിരക്ക് വർധിക്കുന്നുണ്ടെങ്കിലും മാലിന്യത്തിന്റെ അളവ് കുറയുന്നുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കാൻ നഗരസഭ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ഭക്തരും അതു പാലിക്കാൻ പരമാവധി ശ്രമിക്കുന്നതായാണ് കാണുന്നത് – അവർ പറയുന്നു.
പൊങ്കാല ദിവസമാണ് ഏറ്റവും ജോലി. കട്ടകൾ പെറുക്കുന്നതു മുതൽ തൂക്കുന്നതു വരെയുള്ള ജോലികൾ പലർക്കായി വിഭജിച്ചു നൽകി, നിമിഷനേരം കൊണ്ട് ഇവർ നിരത്തുകൾ ഭംഗിയാക്കും.‘പൊങ്കാല ഡ്യൂട്ടിയാണെങ്കിൽ ചിലപ്പോൾ ഇരിക്കാൻ പോലും സമയം കിട്ടാറില്ല. ജോലി തീരുമ്പോൾ മാത്രമാണ് ആഹാരത്തെ കുറിച്ച് ആലോചിക്കുന്നത്. വിമല പറയുന്നു. നമ്മൾ ഇവിടെ നിൽക്കുമ്പോഴാകും വാട്സാപ് ഗ്രൂപ്പിൽ നിർദേശം വരുന്നത്, അടിയന്തരമായി മറ്റെവിടെയെങ്കിലും എത്തണമെന്ന്, ഉടനെ അവിടെ ഓടിയെത്തും വിമല പറഞ്ഞു.