അഴീക്കോട് - മുനമ്പം പാലം : വീണ്ടും ടെൻഡർ ക്ഷണിച്ചു
Mail This Article
കൊടുങ്ങല്ലൂർ ∙ എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലം നിർമാണത്തിനു മൂന്നാമതും ടെൻഡർ. 127 കോടി രൂപയുടെ ആദ്യ ടെൻഡറിൽ ആരും ഏറ്റെടുത്തില്ല. രണ്ടാമതു ടെൻഡർ ക്ഷണിച്ചപ്പോൾ ഉൗരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തു. എന്നാൽ, ഊരാളുങ്കൽ സൊസൈറ്റി മാത്രമാണ് പങ്കെടുത്തത്. ഇതിനാൽ വീണ്ടും ടെൻഡർ ക്ഷണിച്ചു. ഇപ്പോൾ മൂന്നു കമ്പനികൾ ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കകം പരിശോധിച്ചു അംഗീകരിക്കുമെന്നാണു സൂചന.
തീരദേശവാസികളുടെ ചിരകാല അഭിലാഷമാണു അഴീക്കോട് – മുനമ്പം പാലം. 2003 ലാണ് അഴീക്കോട് – മുനമ്പം പാലത്തിനു ബജറ്റിൽ ടോക്കൺ മണി വകയിരുത്തിയത്. പാലത്തിനു ശിലയിട്ടിട്ടു 11 വർഷം പിന്നിടുമ്പോൾ മാത്രമാണ് ടെൻഡർ നടപടിയിലേക്കു കടക്കുന്നത്. ചേർത്തല – പൊന്നാനി കോറിഡോറിലെ എറ്റവും പ്രധാന പാലമാണ് നിർദിഷ്ട അഴീക്കോട് – മുനമ്പം പാലം. തീരമേഖലയ്ക്കു ഏറെ വികസന പ്രതീക്ഷ നൽകുന്നതാണു പാലം.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നിർമിക്കുന്നത്. നിർമാണം 2023 ൽ തുടങ്ങുമെന്ന സൂചനയാണു നൽകുന്നത്.പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു രണ്ടു പതിറ്റാണ്ടിലേറെയായി സജീവ ചർച്ചയാണുള്ളത്. അഴിമുഖ കവാടത്തിലെ പാലം ആയതിനാൽ സാങ്കേതിക അനുമതിയും തുറമുഖ വകുപ്പ് അനുമതിയും പരിസ്ഥിതി വകുപ്പ് ലഭിക്കാൻ ഏറെ കാലതാമസം നേരിട്ടു.പാലം നിർമാണവുമായി ബന്ധപ്പെട്ടു പ്രധാന കടമ്പ പിന്നിട്ടെന്നും ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പരിഹരിച്ചെന്നു ഇ.ടി.ടൈസൺ എംഎൽഎ പറഞ്ഞു.
പാലം യാഥാർഥ്യമാകുന്നതോടെ തീരദേശത്തുള്ളവർക്കു എറണാകുളത്തേക്കുള്ള യാത്രാമാർഗം എളുപ്പമാകും. പാലത്തിന്റെ നിർമാണത്തിലും വ്യത്യസ്തത പുലർത്തും. പുരാതന മുസിരിസ് തുറമുഖ കവാടമായ അഴീക്കോട്ടെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാനാകും വിധമാണു പാലത്തിന്റെ രൂപകൽപന. പാലത്തിന്റെ നടുവിൽ ഇരുവശങ്ങളിലും വാച്ച് ടവർ സ്ഥാപിക്കാനും പദ്ധതിയുണ്ട്.