തൃശൂർ സായ് സെന്റർ പൂട്ടുന്നു; പകരം ഖേലോ ഇന്ത്യ സെന്റർ

Mail This Article
തൃശൂർ ∙ പതിറ്റാണ്ടുകളോളം തൃശൂരിന്റെ കായികനേട്ടങ്ങൾക്കു കുതിപ്പേകിയ സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ട്രെയിനിങ് സെന്ററിനു പൂട്ടുവീഴുന്നു. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സായ് സെന്ററുകൾക്കു റാങ്കിങ് ഏർപ്പെടുത്തിയപ്പോൾ ഏറെ പിന്നിലായതാണു തൃശൂർ അക്വാറ്റിക് കോംപ്ലക്സിലെ സായ് സെന്ററിനു തിരിച്ചടിയായത്.
അത്‍ലറ്റിക്സ് അടക്കം എട്ടോളം കായികയിനങ്ങളിൽ ശാസ്ത്രീയ പരിശീലനം നൽകിയിരുന്ന കേന്ദ്രത്തിൽ ഒട്ടുമിക്ക കായികയിനങ്ങളുടെയും ഹോസ്റ്റൽ പല സമയത്തായി പൂട്ടിയിരുന്നു. നീന്തലും ജൂഡോയും മാത്രമാണു ശേഷിച്ചത്. ഇതും ഉടൻ പ്രവർത്തനം അവസാനിപ്പിക്കും. പകരം ഭാരോദ്വഹനത്തിൽ ഖേലോ ഇന്ത്യ സെന്റർ ആരംഭിക്കും.അത്‍ലറ്റിക്സ്, ഹോക്കി ഹോസ്റ്റലുകൾ പ്രവർത്തനം അവസാനിപ്പിച്ചതിനു ശേഷമാണു തൃശൂരിലെ സെന്ററിന്റെ അവസ്ഥ പരിതാപകരമായത്.
കോർപറേഷൻ സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിനു വേണ്ടി ഫുട്ബോൾ ടർഫ് നിർമിച്ചപ്പോൾ അത്‍ലറ്റിക്സ് ട്രാക്ക് ഇല്ലാതായതു മൂലം സായ് സെന്ററിലെ താരങ്ങളുടെ പരിശീലനം മുടങ്ങിയിരുന്നു. പരിശീലന സൗകര്യം ഇല്ലെന്ന പേരിലാണ് അത്‍ലറ്റിക്സ് ഹോസ്റ്റൽ അവസാനിപ്പിച്ചത്. പിന്നാലെ ഹോക്കി ഹോസ്റ്റലും ഇല്ലാതായി. ഭാരോദ്വഹനം, ബാഡ്മിന്റൻ, കബഡി, ബാസ്കറ്റ്ബോൾ തുടങ്ങിയ ഹോസ്റ്റലുകളും ഘട്ടംഘട്ടമായി പ്രവർത്തനം നിർത്തി.
ഒടുവിൽ ശേഷിച്ച നീന്തലിനും ജൂഡോയ്ക്കും പറയത്തക്ക നേട്ടങ്ങൾ കൊയ്യാൻ കഴിയാതെ വന്നതും തിരിച്ചടിയായി. 100 കുട്ടികൾ ഒരേസമയം പരിശീലിച്ചിരുന്ന സെന്ററിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളത്.സായ് സെന്റർ ഇല്ലാതാകുന്നതോടെ ഭാരോദ്വഹനം ഒഴികെയുള്ള മത്സരയിനങ്ങളിൽ തൃശൂരിന്റെ ഭാവി ചോദ്യചിഹ്നമായി മാറിയേക്കും.
അതതു കായികയിനങ്ങളിൽ താരങ്ങൾക്കു മികച്ച കോച്ചുമാരുടെ പരിശീലനം, നിലവാരമുള്ള ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങൾ സായ് സെന്ററിൽ ലഭിച്ചിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സായിയുടെ കെട്ടിടത്തിൽ തന്നെയാകും ഖേലോ ഇന്ത്യ സെന്ററിന്റെയും പ്രവർത്തനമെന്നാണു സൂചന.
ഖേലോ ഇന്ത്യ സെന്റർ വന്നാൽ?
സായ് സെന്ററുകളിൽ നിന്നു വ്യത്യസ്തമാണു ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് എന്ന ഖേലോ ഇന്ത്യ സെന്ററുകൾ. തിരഞ്ഞെടുക്കപ്പെട്ട ഒരു കായിക ഇനത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നൽകലാണു സെന്ററിന്റെ ലക്ഷ്യം. ഇതിനായി ഓരോ കുട്ടിക്കും അവരവരുടെ മികവിനനുസരിച്ചുള്ള ശാസ്ത്രീയ പരിശീലനം, ഭക്ഷണം, താമസം എന്നിവ ലഭിക്കും.
കോച്ചിനു പുറമേ ഫിസിയോ, ഡയറ്റീഷ്യൻ, സപ്പോർട്ടിങ് സ്റ്റാഫ് തുടങ്ങിയവരുടെ സേവനവും ലഭിക്കും. നിലവിൽ തിരുവനന്തപുരത്തു മാത്രമാണു കേരളത്തിൽ ഖേലോ ഇന്ത്യ സെന്ററുള്ളത്.