തുമ്പിയില്ലാ കുട്ടിയാന വീണ്ടും എണ്ണപ്പനത്തോട്ടത്തിൽ

Mail This Article
അതിരപ്പിള്ളി ∙ തുമ്പിയില്ലാത്ത കുട്ടിയാനയും കാട്ടാനക്കൂട്ടവും മാസങ്ങൾക്കുശേഷം തിരിച്ചെത്തി. കാട്ടാനകളുടെ വിഹാര കേന്ദ്രമായ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലാണ് കഴിഞ്ഞദിവസം ഇവയെ കണ്ടത്.
ഏകദേശം 3 വയസ്സ് പ്രായം വരുന്ന തുമ്പിയറ്റ ആനക്കുട്ടിയും കൂട്ടവും 2 വർഷം മുൻപാണ് ഇവിടെ എത്തിയത്. മുതിർന്ന രണ്ടാനകളുടെ അകമ്പടിയോടെയാണ് കുട്ടിയാനയുടെ സഞ്ചാരം. സ്വയം തിന്നുന്നതിനൊപ്പം കൂടെയുള്ള ആനകളും തീറ്റ കൊടുക്കുന്നത് കണ്ടതായി പറയുന്നു. തുമ്പിയില്ലെങ്കിലും ആനക്കുട്ടിയെ പൂർണ ആരോഗ്യത്തോടെയാണ് കാണപ്പെടുന്നതെന്ന് വനം വകുപ്പിലെ ഡോ.കെ.ജി.അശോകൻ അറിയിച്ചു.
ആനത്താരകളിലും മേച്ചിൽ പ്രദേശങ്ങളിലും ക്യാമറ സ്ഥാപിച്ച് ഇത് തീറ്റയെടുക്കുന്നത് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ലിംഗനിർണയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തുമ്പി അപകടത്തിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും ജന്മനാലുള്ള വൈകല്യമാകാനാണ് സാധ്യതയെന്ന് ഡോക്ടർ അറിയിച്ചു. അപകടംമൂലം സംഭവിച്ചതാണെങ്കിൽ അതിജീവനം അത്ര എളുപ്പമല്ലെന്നാണ് സൂചന. പ്രായപൂർത്തിയാകുന്നതോടെ മാത്രമേ ലിംഗനിർണയം സാധ്യമാകൂ.
കൊമ്പനാണെങ്കിൽ കൊമ്പ് വളരുന്നത് തീറ്റയെടുക്കാൻ ബുദ്ധിമുട്ടിനിടയാക്കും. എന്നാൽ ആന മറ്റുമൃഗങ്ങളിൽനിന്നു ബുദ്ധിയുടെ കാര്യത്തിൽ വ്യത്യസ്തമായതിനാൽ കൊമ്പ് പാറയിലും മറ്റു പരുക്കൻ പ്രദേശങ്ങളിലും ഉരസി കളയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.