ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നിർമാല്യം കഴിഞ്ഞു പുറത്തിറങ്ങിയാൽ കേൾക്കുന്ന ജ്ഞാനപ്പാന ഭക്തർക്ക് ആർദ്രമായൊരു അനുഭവമാണ്. പൂന്താനത്തിന്റെ വരികളും പി.ലീലയുടെ സ്വരമാധുരിയും ജയവിജയ നൽകിയ സംഗീതവും അത്രമേൽ ഇഴുകിച്ചേർന്നതാണ്. 1961 സെപ്റ്റംബർ 22 നാണ് എച്ച്എംവി ഗ്രാമഫോൺ റെക്കോഡിലൂടെ ഗുരുവായൂരിൽ ജ്ഞാനപ്പാന കേട്ടുതുടങ്ങിയത്. മുടങ്ങാതെ അതിന്നും തുടരുന്നു. ജ്ഞാനപ്പാനയിലെ ആദ്യ വരി 

‘ഗുരുനാഥൻ തുണ ചെയ്ക സന്തതം...’ എന്നാണ്. ഗുരുനാഥനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ തുണയിൽ സംഗീതരംഗത്തു നിർഭയരായി നിന്നവരാണ് ജയവിജയന്മാർ എന്ന ഇരട്ട സഹോദരന്മാർ. ഇവരിൽ കെ.ജി.വിജയൻ 1989ൽ അന്തരിച്ചു. കെ.ജി.ജയൻ ഇന്നലെ നമ്മെ വിട്ടുപോയി. സംഗീതമാണ് ജീവിതമെന്നു തീരുമാനിച്ച ഇരട്ട സഹോദരന്മാർക്ക് ഇഷ്ടദേവനായിരുന്നു ഗുരുവായൂരപ്പൻ. ചെമ്പൈ ഭാഗവതരുടെ കൈപിടിച്ചാണ് ഇവർ കണ്ണന്റെ സന്നിധിയിലെത്തിയത്. 

ഏകാദശിക്കു ചെമ്പൈ ഭാഗവതർ ക്ഷേത്രത്തിൽ സംഗീതാർച്ചന നടത്തും. സ്വാമിയുടെ ഇരുവശവും ജയനും വിജയനും തംബുരു മീട്ടി പാടാനുണ്ടാകും. 1974ൽ ചെമ്പൈ ഭാഗവതർ ഓർമയായി. അക്കൊല്ലം മുതൽ ദേവസ്വം ചെമ്പൈ സംഗീതോത്സവം ആരംഭിച്ചു.  അന്നു മുതൽ 49 കൊല്ലം സംഗീതോത്സവത്തിൽ ജയൻ സജീവമായിരുന്നു. വയ്യായ്ക അനുഭപ്പെട്ടതിനാൽ അവസാന വർഷങ്ങളിൽ ഏകാദശി ദിവസമാണ് എത്തിയിരുന്നത്. 

സംഗീതോത്സവത്തിന്റെ സമാപനത്തിനു ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിക്കുന്നതിനു നേതൃത്വം നൽകിയിരുന്നു. 2022ലെ ഏകാദശിക്കും അദ്ദേഹം എത്തി ദേവസ്വത്തിന്റെ ആദരം ഏറ്റു വാങ്ങി. കഴിഞ്ഞ ഏകാദശിക്കു മാത്രം എത്താനായില്ല. ‘നിത്യഹരിത’ പദവിയുള്ള ഒട്ടേറെ ഗുരുവായൂരപ്പഭക്തിഗാനങ്ങളും ആ സംഗീതത്തിൽ പിറന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com