കൽപറ്റ പഴയ സ്റ്റാൻഡ് നവീകരണം ജനത്തിന് മുട്ടൻ പണി

Mail This Article
കൽപറ്റ ∙ നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡിന്റെയും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെയും നവീകരണം വൈകുന്നതു യാത്രക്കാർക്കു ദുരിതമാകുന്നു. പഴയ ബസ് സ്റ്റാൻഡിന്റെയും എച്ച്ഐഎം യുപി സ്കൂളിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നവീകരണ ജോലികളാണു ഒച്ചിഴയുന്ന വേഗത്തിൽ ഇഴയുന്നത്. നവീകരണം വൈകിയതോടെ യാത്രക്കാർ പെരുവഴിയിലായി.
3 ആഴ്ച മുൻപാണു നവീകരണത്തിനായി പഴയ ബസ് സ്റ്റാൻഡ് മുന്നറിയിപ്പില്ലാതെ അടച്ചത്. നിലവിൽ പണി എങ്ങുമെത്തിയിട്ടില്ലാത്ത സ്ഥിതി. എച്ച്ഐഎം യുപി സ്കൂളിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി ആഴ്ചകളായിട്ടും പണി പൂർത്തിയായില്ല. കനത്ത മഴയും വെയിലുമേറ്റാണു ഇവിടങ്ങളിൽ നിന്നു യാത്രക്കാർ ബസുകളിൽ കയറിപ്പറ്റുന്നത്.
ഇഴഞ്ഞിഴഞ്ഞു പണി;ടൗണിൽ സ്ഥലമില്ല
4 ദിവസം കൊണ്ടു പണി പൂർത്തിയാക്കുമെന്ന് അറിയിച്ചാണു പഴയ ബസ് സ്റ്റാൻഡ് അടച്ചതെന്ന് യാത്രക്കാർ പറയുന്നു. സ്റ്റാൻഡിനു മുൻപിൽ കനത്ത വെയിലും മഴയുമേറ്റ് ബസുകൾക്കായി റോഡരികിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലാണു യാത്രക്കാർ ബസുകൾക്കായി കാത്തുനിൽക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിലെ യാത്രക്കാരുടെ തിരക്ക് കാരണം കച്ചവടം കുറഞ്ഞെന്നു വ്യാപാരികൾ പറയുന്നു.
ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിൽ നിർത്തിയാണു ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഹോംഗാർഡുമാരും വിശ്രമമില്ലാതെ ജോലി ചെയ്താണു ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത്. ബൈപാസ് റോഡ് ശോച്യാവസ്ഥയിലായതിനെ തുടർന്നു വലിയ ലോറികൾ അടക്കം നിലവിൽ കൽപറ്റ നഗരത്തിലൂടെയാണു കടന്നുപോകുന്നത്. ഇൗ വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിനു പുറമേയാണു പഴയ ബസ് സ്റ്റാൻഡിനു മുന്നിൽ നിർത്തുന്ന ബസുകൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക്.
നിലവിൽ ബസ് നിർത്തുന്ന ഭാഗത്തായിരുന്നു ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നത്. ബസ് സ്റ്റാൻഡ് അടച്ചതോടെ ഓട്ടോറിക്ഷകൾക്ക് നിർത്തിയിടാനും സ്ഥലമില്ലാതെയായി. സ്റ്റാൻഡിന്റെ ഒരു ഭാഗത്തായി ഓട്ടോറിക്ഷകൾക്കു നിർത്തിയിടാൻ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെയും ബസുകളുടെയും തിരക്കു കാരണം മറ്റു സ്ഥലങ്ങൾ തേടിപ്പോകേണ്ട സാഹചര്യമാണു നിലവിലെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
പണിതിട്ടും തീരാത്ത ‘പണി’
വലിയ കുഴപ്പമൊന്നുമില്ലാതിരുന്ന ഇൗ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുമാസം മുൻപാണു നവീകരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയത്. സ്വകാര്യ സ്ഥാപനമാണു നവീകരണ ജോലികൾ ചെയ്യുന്നത്. നിലവിൽ മേൽക്കൂരയുടെയും നിലത്തിന്റെയും പണി മാത്രമാണു പൂർത്തിയായത്. നവീകരണത്തിനായി എത്തിച്ച നിർമാണ സാമഗ്രികൾ സ്റ്റാൻഡിനു മുന്നിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതുകാരണം റോഡിന്റെ മധ്യത്തിലേക്കു കയറ്റിയാണു ബസുകൾ നിർത്തുന്നത്.
ഇതിനിടയിലൂടെ സാഹസികമായാണു യാത്രക്കാർ ബസുകളിൽ കയറിപ്പറ്റുന്നത്. പഴയ ബസ് സ്റ്റാൻഡിൽ നിന്നു കഷ്ടിച്ച് 200 മീറ്റർ അകലം മാത്രമേ ഇവിടേയ്ക്കുള്ളു. ബസുകൾ റോഡിലേക്ക് കയറ്റിനിർത്തുന്നതോടെ ഇൗ ഭാഗത്തും പൂർണമായും ഗതാഗതം മുടങ്ങുകയാണ്. രാവിലെയും വൈകിട്ടും ഇൗ ഭാഗത്തു വൻതിരക്ക് അനുഭവപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.