ജലംകൊണ്ട് മുറിഞ്ഞ സീതമ്മക്കുണ്ട് വെള്ളച്ചാട്ടം

Mail This Article
ചൂരൽമല ∙ അന്ന്, പച്ചപ്പിന്റെ നടുവിൽ സുന്ദരമായി ഒഴുകിച്ചാടിയിരുന്ന വെള്ളച്ചാട്ടമായിരുന്നു സീതമ്മക്കുണ്ട്. ഒഴുകിയെത്തി താഴേക്ക് പതിക്കുന്ന കുഴിയിൽ കുളിക്കാനും ആസ്വാദിക്കാനുമായി എത്താത്തവരും ചുരുക്കം. വെള്ളച്ചാട്ടമുള്ള പാറക്കെട്ടുകളുടെ മുകളിൽ ചാഞ്ഞു നിൽക്കുന്ന കൂറ്റൻ മരങ്ങൾ നൽകുന്ന തണലിൽ സീതമ്മക്കുണ്ടിൽ മുഴുവൻ സമയം തണുത്ത വെള്ളമായിരുന്നു. ഇൗ നാടിന്റെ സൗന്ദര്യത്തിന്റെയും പ്രദേശത്തുകാരുടെ ജീവിതത്തിന്റെയും ഭാഗമായിരുന്നു സീതമ്മക്കുണ്ട്.ഇന്ന് ഒഴുകിയെത്തിയ ഉരുളിൽ സീതമ്മക്കുണ്ടിന്റെ രൂപവും മാറി.

ചുറ്റുമുണ്ടായിരുന്ന മരങ്ങളും പച്ചപ്പുമെല്ലാം ഉരുൾ കൊണ്ടുപോയി. ഒഴുകിയെത്തിയ പാറക്കൂട്ടങ്ങൾക്ക് നടുവിൽ ഇന്ന് ചെറിയൊരു രൂപം മാത്രമാണ് സീതമ്മക്കുണ്ടിനുള്ളത്. സമൃദ്ധമായി വെള്ളമൊഴുകിയിരുന്നത് ചെറുതായി. വെള്ളച്ചാട്ടത്തിന് സമീപത്ത് പാറയുടെ ഉള്ളിലേക്ക് ഗുഹ പോലെയുണ്ടായിരുന്ന കുഴിയിൽ മണലും കല്ലും നിറഞ്ഞു നികന്നുപോയി. വെള്ളം പതിക്കുന്ന കുഴിയുടെ ആഴം കുറഞ്ഞു ചെറിയ പാറക്കല്ലുകൾ നിറഞ്ഞു. ഇരുഭാഗങ്ങളിലെയും മരങ്ങളെല്ലാം പോയതോടെ കൂറ്റൻ പാറക്കെട്ടുകൾ തെളിഞ്ഞു.
ചെറിയ പാറക്കല്ലുകൾക്കിടയിലൂടെ ചെറുതായി ഒഴുകി ചാടുന്ന വെള്ളത്തിന് നല്ല തെളിമയുണ്ട്. ഒഴിവ് സമയങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടെ സമയം ചെലവഴിച്ചിരുന്ന പ്രദേശവാസികളിൽ പലരും ഉരുൾപൊട്ടലിൽ ഒാർമയായി.കൂറ്റൻ പാറക്കെട്ടുകൾക്ക് ഇടയിൽ ആസ്വാദിക്കാനാളില്ലാത്ത സൗന്ദര്യമായി പാറക്കെട്ടുകൾക്ക് നടുവിലെ തെളിനീരായി ഇപ്പോഴും സീതമ്മക്കുണ്ട് അവശേഷിക്കുന്നുണ്ട്.