412.4 ഗ്രാം കഞ്ചാവുമായി പിടിയിൽ

Mail This Article
മേപ്പാടി ∙ 412.4 ഗ്രാം കഞ്ചാവുമായി താഴെ അരപ്പറ്റ സ്വദേശി രഞ്ജിത്ത് ശശിയെ (24) ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പൊലീസും ചേർന്നു പിടികൂടി. ആശുപത്രി പരിസരം കേന്ദ്രീകരിച്ചു പതിവായി കഞ്ചാവ് വിൽക്കുന്നയാളാണു പ്രതിയെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ കവർച്ച കേസിലും മേപ്പാടി സ്‌റ്റേഷനിൽ കഞ്ചാവ്, മോഷണ കേസുകളിലും പോക്‌സോ കേസിലും ഇയാൾ പ്രതിയാണ്.
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയാണു കഞ്ചാവ് വിൽപന. കഴിഞ്ഞദിവസം രാത്രി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. 9 വലിയ പാക്കറ്റുകളിലും 12 ചെറിയ പാക്കറ്റുകളിലുമായിരുന്നു കഞ്ചാവ്.
50 ഗ്രാം കഞ്ചാവുമായി പിടികൂടി
മേപ്പാടി ∙ 50.25 ഗ്രാം കഞ്ചാവുമായി അരപ്പറ്റ പുതിയപാടി സാബിർ റഹ്മാനെ (30) മേപ്പാടി പൊലീസ് സംഘം പിടികൂടി. കഴിഞ്ഞദിവസം ചുളിക്ക ഇരുമ്പുപാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. അരയിലും ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിൽ 10 പ്ലാസ്റ്റിക് കവറുകളിലുമായിരുന്നു കഞ്ചാവ്.