ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശത്തെ ജനവാസത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, അതീവ പരിസ്ഥിതിലോലമായ ഈ മേഖലയിൽ തുടർന്നു താമസിക്കുന്നതിൽ വെല്ലുവിളികളേറെ. ദുരന്തഭൂമിയുടെ സമ്പൂർണ പുനരുജ്ജീവനം ഏറെ പണച്ചെലവുള്ളതാണ്. റോഡ്, ആശുപത്രി, പാലങ്ങൾ, സ്കൂളുകൾ എന്നിവയുടെ പുനർനിർമാണവും വലിയ കടമ്പയാണ്. പ്രദേശത്തെ സാമൂഹിക ബന്ധങ്ങൾ ദുരന്തത്തിൽ ചിതറിക്കപ്പെട്ടതിനാലുള്ള വൈകാരിക പ്രതിസന്ധി മറികടക്കേണ്ടതു സങ്കീർണമായ പ്രശ്നമാണെന്ന് മലപ്പുറം മമ്പാട് എംഇഎസ് കോളജിലെ കൺസർവേഷൻ ഇക്കോളജി, ഇക്കണോമിക്സ് വിഭാഗങ്ങളിലെ പ്രഫസർമാരായ പി. ആസാദ്, എ.പി. മുഹമ്മദ് സലിം, കെ.എസ്. അനൂപ്ദാസ് എന്നിവർ നടത്തിയ പഠനത്തിൽ പറയുന്നു.

  • ഏതു വലിയ ദുരന്തത്തെയും ഒന്നിച്ച് അതിജീവിക്കുമെന്ന മലയാളികളുടെ നിശ്ചയദാർഢ്യം ദുരന്തബാധിതർക്കും കരുത്താകണം. സുരക്ഷിത ഭവനം, സുസ്ഥിര ഉപജീവനം, സാർവത്രിക വിദ്യാഭ്യാസം, സമഗ്ര ചികിത്സ, സന്തോഷഭരിത ജീവിതം എന്നതാകണം പുനരധിവാസ പ്രക്രിയയുടെ ആപ്തവാക്യം

വേഗവും സുതാര്യതയും  മുഖ്യം
ഇന്ത്യയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലകളിൽ വയനാട് 13 ാം സ്ഥാനത്താണ്. പ്രഭവകേന്ദ്രത്തിലെ 21 ഏക്കർ സ്ഥലത്തെ മണ്ണാണ് താഴേക്കു മലവെള്ളത്തോടൊപ്പം ശക്തിയായി പ്രവഹിച്ചത്. ഇതു പ്രദേശത്തെ ഭൂപ്രകൃതിയെയും നീർച്ചാലുകളുടെ വിന്യാസത്തെയും ഭൂഗർഭജലപ്രവാഹത്തെയും വന്യജീവികളുടെ ആവാസവ്യവസ്ഥയെയുമടക്കം ബാധിച്ചു. നദീജലത്തിന്റെ ഗുണനിലവാരം കുറഞ്ഞിരിക്കുന്നു. ഇതു ജലജീവികളുടെ ആവാസവ്യവസ്ഥയെയും ബാധിക്കും. ഒഴുകിയെത്തിയ ഉരുൾമണ്ണ് ക്രമേണ മറ്റു ജലസ്രോതസ്സുകളിലേക്കു കലരുന്നതു കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കാമെന്നും പഠനത്തിൽ പറയുന്നു. ഫലഭൂയിഷ്ടമായ മേൽമണ്ണ് നഷ്ടമായതു പഴയതുപോലുള്ള കൃഷിരീതികൾ തുടരുന്നതിനു തടസ്സമാകും. ആൾത്താമസം കുറഞ്ഞതോടെ മുണ്ടക്കൈയിലും ചൂരൽമലയിലും വന്യജീവികൾ കൂടുതലായി തമ്പടിക്കുന്നു. പ്രദേശത്ത് അനുയോജ്യമായ കൃഷിവിളകൾ ഏതെല്ലാമെന്നു കണ്ടെത്താൻ കൃഷിവകുപ്പിനെയും കാർഷിക സർവകലാശാലയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുന്നപ്പുഴയുടെ നവീകരണവും ദുരന്തഭൂമിയിലെ അടിസ്ഥാന സൗകര്യവികസനവും എത്രയും വേഗം പൂർത്തിയാക്കണം. ഉരുൾപൊട്ടിയൊലിച്ച് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ സുരക്ഷിതമായി പൊളിച്ചുനീക്കണം. എത്രയും വേഗം മുണ്ടക്കൈയെയും ചൂരൽമലയെയും പുനർനിർമിക്കുകയെന്നതു വലിയ വെല്ലുവിളി തന്നെയാണ്. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം സുതാര്യത ഉറപ്പാക്കുകയും വേണം.

ഇനിയൊരു ദുരന്തമുണ്ടാകരുത്
സുരക്ഷിതമെന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ വാടകവീടുകളിൽ‌നിന്നു മടങ്ങുമ്പോൾ പ്രദേശത്ത് എല്ലാ അടിസ്ഥാന വികസന സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള ചുമതല സർക്കാരിനുണ്ട്. റോഡ് വികസനം, സർക്കാർ സേവനങ്ങളുടെ ലഭ്യത, വിദ്യാഭ്യാസ–ചികിത്സാ സൗകര്യങ്ങൾ, വന്യജീവി പ്രതിരോധം തുടങ്ങിയവയ്ക്കു മുൻഗണന നൽകണം. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ൈവകാരികാഘാതം മറികടക്കാൻ കൂട്ടായ പ്രയത്നമുണ്ടാകണം. വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ ഏർലി വാണിങ് സിസ്റ്റം കാര്യക്ഷമമാക്കണം. പ്രകൃതിദുരന്ത സാധ്യതാ ഭൂപടങ്ങൾ കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കണം. ജനകീയ ഇടപെടലോടെയുള്ള ദുരന്തപ്രതിരോധ സംവിധാനം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കണം.

വേണ്ടത് നിലയ്ക്കാത്ത പിന്തുണ
ദുരന്തത്തിനിരയായ ഓരോ കുടുംബത്തിന്റെയും നിലവിലുള്ള പ്രതിസന്ധികളും ആവശ്യങ്ങളും പഠന വിധേയമാക്കിയാകണം പുനരധിവാസ ആസൂത്രണം. പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടി വരുന്ന ചെലവും സമയക്രമവും ഉൾപ്പെടെയുള്ള സമഗ്രമാസ്റ്റർ പ്ലാൻ ആണു സർക്കാർ നടപ്പാക്കേണ്ടത്. ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നീ രീതിയിൽ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനാവശ്യമായ അതിജീവന–ഉപജീവന ആവശ്യങ്ങൾ നിറവേറ്റണം. ദുരന്തബാധിതർക്കായി സർക്കാർ തലത്തിൽ ടൗൺഷിപ് ഒരുങ്ങുന്നതു വരെ മാത്രമല്ല, തുടർന്നും പിന്തുണ ഉറപ്പാക്കാനാകണം.

പുനർനിർമാണത്തിന് 750 കോടി
ദുരന്തമേഖലയുടെ പുനർനിർമാണത്തിനു ബജറ്റിൽ 750 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. പുന്നപ്പുഴയിലെ കല്ലും മണ്ണും മരങ്ങളും മാറ്റി ഒഴുക്കു നേരെയാക്കുന്ന പ്രവൃത്തിക്കാണു പ്രഥമ പരിഗണന. റോഡുകൾ, പാലം, അങ്കണവാടി, ഷെൽറ്റർ ഹോം, പൊതുശ്മശാനം തുടങ്ങിയവയും മുണ്ടക്കൈയിലും ചൂരൽമലയിലും ഉയരും.

English Summary:

Wayanad landslide recovery requires swift and transparent action. The ₹750 crore reconstruction plan addresses infrastructure, community trauma, and disaster prevention in Mundakkai, Chooralmal, and Attamala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com