പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഈ ചെറുപ്പക്കാരന് പിന്നാലെ...

Mail This Article
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണെങ്കിലും യൂണിഫോം സേനകളുടെ കാര്യത്തിൽ ഒരു പ്രത്യേക താൽപര്യമുണ്ട് നിധീഷിന്. ചെന്നുപെട്ടത് അഞ്ചിലധികം സേനാ റാങ്ക് ലിസ്റ്റുകളിൽ. ഫയർമാൻ, സിവിൽ പൊലീസ് ഒാഫിസർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, അസിസ്റ്റന്റ് ജയിലർ, ഇന്ത്യാ റിസർവ് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ (കമാൻഡോ വിഭാഗം) എന്നീ റാങ്ക് ലിസ്റ്റുകളിലെ മിന്നും വിജയത്തിനു ശേഷം ഇപ്പോൾ സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ജയിലർ, ആംഡ് പൊലീസ് എസ്ഐ റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്കും. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് ഒന്ന് തസ്തികയിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ നിധീഷ്.
കുണ്ടറ ഇളമ്പല്ലൂർ ഗീതാജ്ഞലിയിൽ റിട്ട. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സദാശിവൻ പിള്ളയുടെയും ഗീതാകുമാരിയുടെയും മൂത്ത മകനായ എസ്. നിധീഷ് രണ്ടു വർഷത്തെ ചിട്ടയായ പഠനത്തിനൊടുവിലാണ് വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച നേട്ടം കൈവരിച്ചത്. കൊല്ലം മുഖത്തലയിൽ പ്രദീപ് നടത്തുന്ന സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനമാണ് എല്ലാ വിജയത്തിനും അടിസ്ഥാനം. ഇവിടുത്തെ പരീക്ഷാ പരിശീലനത്തിനു ശേഷം സ്കൂൾ കുട്ടികൾക്ക് ട്യൂഷനെടുക്കുമായിരുന്നു. പിന്നീട് കംബൈൻഡ് സ്റ്റഡി. പതിനഞ്ചോളം പേർ ചേർന്നുള്ള പഠനത്തിൽ തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും സ്ഥിരമായി ഉപയോഗിച്ചിരുന്നു. തൊഴിൽവീഥിയിലെ മാതൃകാ ചോദ്യപേപ്പറുകൾ, പിഎസ്‌സിയുടെ മുൻചോദ്യപേപ്പറുകളുടെ വിശകലനം എന്നിവ ഏറെ പ്രയോജനം ചെയ്തു. വിന്നറിൽ പ്രസിദ്ധീകരിക്കുന്ന കവർസ്റ്റോറികളും ഏറെ മികച്ചതായിരുന്നു. ഇവയൊക്കെ റാങ്ക് നേട്ടത്തിൽ നിർണായകമായതായി നിധീഷ് പറയുന്നു.
ആദ്യനിയമനശുപാർശ ലഭിച്ചത് സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഇതു വേണ്ടെന്നു വച്ചു. ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ റാങ്ക് ലിസ്റ്റിൽ നിന്നാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. രണ്ടു വർഷത്തോളം ഈ ജോലി തുടർന്നു. ഒരു മാസം മുൻപ് അസിസ്റ്റന്റ് ജയിലർ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചപ്പോൾ ഈ ജോലി ഉപേക്ഷിച്ചു. അനിയൻ അരുൺരാജും പിഎസ്‌സി പരീക്ഷാ പരിശീലനത്തിൽ സജീവമായുണ്ട്. ഫയർമാൻ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ച അരുൺരാജ് പരിശീലനത്തിന് ചേരാനുള്ള തയാറെടുപ്പിലാണ്.