എന്‍ജിനീയർ, പ്രോഡക്ട് മാനേജ്മെന്റ്, ബിസിനസ് ഡവലപ്മെന്റ്... ഇൗ ജോലി ചെയ്യുന്നവരിൽ ആരാണ് കൂടുതൽ സംതൃപ്തര്‍?
Mail This Article
ചെയ്യുന്ന പണിക്കനുസരിച്ചുള്ള ശമ്പളം കിട്ടുന്നില്ല എന്നത് പലപ്പോഴും പല ജീവനക്കാരുടെയും പരാതിയാണ്. അവര്‍ ജോലി ചെയ്യുന്ന മേഖലയും സ്ഥലവുമൊക്കെ പരിഗണിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഈ പരാതികളില്‍ കഴമ്പുണ്ടുതാനും. അങ്ങനെയെങ്കില്‍ തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളത്തില്‍ സംതൃപ്തരായവരും നമുക്കു ചുറ്റും ഉണ്ടാകണം അല്ലേ? എന്നാല്‍, ഏതു തരം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായിരിക്കും ശമ്പളത്തെപ്രതിയുള്ള ഈ സംതൃപ്തി കൂടുതല്‍? ലിങ്ക്ഡ്ഇന്‍ അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത് ശമ്പളത്തിന്റെ കാര്യത്തില്‍ ഏറ്റവും സന്തോഷവാന്മാരായിരിക്കുന്നത് എന്‍ജിനീയറിങ് മേഖലയിലുള്ളവരാണെന്നാണ്.
സര്‍വേയില്‍ പങ്കെടുത്ത എന്ജിനീയര്മാരില് 54 ശതമാനവും ശമ്പളക്കാര്യത്തില്‍ തൃപ്തി രേഖപ്പെടുത്തി. എന്‍ജിനീയര്‍മാരുടെ അത്രതന്നെ ഇക്കാര്യത്തില്‍ സന്തോഷവാന്മാരാണ് പ്രോഗ്രാം ആന്‍ഡ് പ്രോജക്ട് മാനേജ്മെന്റ് രംഗത്തുള്ളവരും. ഇവര്‍ക്കുശേഷം മൂന്നാം സ്ഥാനത്ത് ഫിനാന്‍സ് മേഖലയിലുള്ളവരാണ്. സര്‍വേയില്‍ പങ്കെടുത്ത ഫിനാന്‍സ് രംഗത്തെ 52 ശതമാനം പേരും ശമ്പളക്കാര്യത്തില്‍ ഹാപ്പിയാണ്. ഗവേഷണം, ക്വാളിറ്റി അഷുറന്‍സ്, മാനവവിഭവശേഷി, ബിസിനസ് ഡവലപ്മെന്റ് രംഗത്തെ ജീവനക്കാരാണ് അടുത്തുള്ള സ്ഥാനങ്ങളില്‍. പ്രോഡക്ട് മാനേജ്മെന്റ്, കണ്‍സൽറ്റിങ്, ഐടി മേഖലകളിലുള്ളവരും ആദ്യ പത്തു ജോലികളില്‍ ഇടം പിടിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 2024 ജൂണ്‍ 15നും സെപ്റ്റംബര്‍ 20നും ഇടയില്‍ 15,669 പ്രഫഷനലുകളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. എന്നാല്‍, ശമ്പളം മാത്രമല്ല, ജോലിയുടെ മികവിന്റെ മാനദണ്ഡമെന്നും ജോലിസ്ഥലത്തു ലഭിക്കുന്ന മൂല്യവും പിന്തുണയും വെല്ലുവിളികളുമെല്ലാം നിർണായകമാണെന്നും സര്‍വേ റിപ്പോര്‍ട്ട് അടിവരയിടുന്നു.