പുട്ടിൻ യുഗത്തിന് കാൽനൂറ്റാണ്ട്; ലോകരാഷ്ട്രീയത്തിൽ ഏറെ കുപ്രസിദ്ധി നേടിയ നേതാവ്

Mail This Article
2000 മാർച്ച് 26. റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ വിജയിച്ചതായി അറിയിപ്പു വന്നു. ലെനിനും സ്റ്റാലിനും ഉൾപ്പെടെ അനേകം പ്രശസ്ത ഭരണകർത്താക്കൾ കൈയാളിയിരുന്ന റഷ്യയുടെ ചെങ്കോൽ ഒരു മുൻ ചാര ഉദ്യോഗസ്ഥനിലേക്ക് വരികയായിരുന്നു. ആ ജനവിധി വന്നിട്ട് ഇന്ന് 25 വർഷം തികയുമ്പോൾ ലോകരാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധയും കുപ്രസിദ്ധിയും നേടിയ നേതാവായി പുട്ടിൻ മാറിക്കഴിഞ്ഞു.
1952 ഒക്ടോബർ 7ന് സോവിയറ്റ് നഗരമായ ലെനിൻഗ്രാഡിലാണു (ഇന്നത്തെ സെന്റ് പീറ്റേഴ്‌സ്ബർഗ്) പുട്ടിൻ ജനിച്ചത്. 1975 ൽ ലെനിൻഗ്രാഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ പുട്ടിൻ താമസിയാതെ സോവിയറ്റ് ചാരസംഘടനയായ കെജിബിയിൽ ചേർന്നു. കിഴക്കൻ ജർമനിയിലെ ദ്രെസ്‌ഡെനിലായിരുന്നു ആദ്യ രാജ്യാന്തര നിയമനം. സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായപ്പോൾ അദ്ദേഹം കിഴക്കൻ ജർമനിയിലായിരുന്നു. രഹസ്യരേഖകൾ തീയിട്ട ശേഷം അദ്ദേഹം മോസ്കോയിലേക്കു മടങ്ങി. 1991 ൽ കെജിബിയിൽ നിന്നു കേണൽ റാങ്കിൽ വിരമിച്ച പുട്ടിൻ പിന്നീടു രാഷ്ട്രീയ വഴികൾ തേടി. 1994 ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിന്റെ ഡപ്യൂട്ടി മേയറായി നിയമിതനായി.1996 ൽ അന്നത്തെ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിന്റെ സംഘത്തിൽ പ്രധാനിയായി.
1999 ആയപ്പോഴേക്കും ബോറിസ് യെൽസിന്റെ ഭരണം റഷ്യൻ ജനതയ്ക്കു മടുത്തു. തുടർന്ന് യെൽസിൻ രാജിവച്ചു. പിന്നീട് കുറച്ചുകാലം അധികാരം അനൗദ്യോഗികമായി പുട്ടിന്റെ കയ്യിൽ ആയിരുന്നു. 2000 ൽ അധികാരമേറ്റ പുട്ടിൻ പിന്നീടൊരു തിരഞ്ഞെടുപ്പുകൂടി ജയിച്ചതോടെ 8 വർഷം തുടർച്ചയായി ഭരിച്ചു. ഒരാൾക്ക് തുടർച്ചയായി 2 തവണ മാത്രം പ്രസിഡന്റാകാനൊക്കൂ എന്ന വ്യവസ്ഥയുള്ളതിനാൽ കുറച്ചുകാലം വിശ്വസ്തനായ ദിമിത്രി മെദ്‌വദേവിനെ പ്രസിഡന്റാക്കി അണിയറയിൽ അധികാരം കയ്യാളി. 2016 ൽ തിരിച്ചെത്തി. പ്രസിഡന്റ് പദവിക്കാലത്തിനുള്ള നിയന്ത്രണം ഭരണഘടനാഭേദഗതിയിലൂടെ ഒഴിവാക്കി.
രണ്ടാം ചെച്‌നിയൻ യുദ്ധത്തിൽ നേടിയ മേൽക്കൈയും ജോർജിയയിലും ക്രൈമിയയിലും നേടിയ വിജയങ്ങളും പുട്ടിനെ റഷ്യക്കാർക്കിടയിൽ വീരനായകനാക്കി. ദീർഘകാലമായി തുടരുന്ന സംഘർഷത്തെ ആളിക്കത്തിച്ചുകൊണ്ട് 2022 ഫെബ്രുവരി 24ന് പുട്ടിന്റെ റഷ്യ യുക്രെയ്നെ ആക്രമിച്ചു. ഇതോടെ അദ്ദേഹത്തിനെതിരെ രാജ്യാന്തര പ്രതിഷേധം ഉയർന്നു. എന്നാൽ രാജ്യത്തിന്റെ പരമോന്നതപദവിയിൽ കാൽനൂറ്റാണ്ടു പൂർത്തിയാക്കുമ്പോൾ അദ്ദേഹം ആഹ്ലാദവാനായിരിക്കണം. യുക്രെയ്നിൽ റഷ്യൻ സേന നിർണായക മുന്നേറ്റങ്ങൾ നടത്തുന്ന വാർത്തകളാണ് ഈ ദിവസങ്ങളിൽ പുറത്തുവരുന്നത്.