ജീവിതത്തിൽ രക്ഷപ്പെടണോ? ഇങ്ങനെ പ്ലാൻ ചെയ്തു നോക്കൂ; മറ്റുള്ളവർക്ക് അസൂയ തോന്നും

Mail This Article
നിങ്ങള്‍ ചുറ്റും കാണുന്ന വ്യക്തികളില്‍ നിങ്ങള്‍ക്ക് അസൂയ ഉളവാക്കുന്ന തരത്തിലുള്ള ജീവിതം നയിക്കുന്ന എത്ര പേരെ നിങ്ങള്‍ക്ക് അറിയാം. അത് ഒരുപക്ഷേ വിരലില്‍ എണ്ണാവുന്നവരെ ഉണ്ടാകൂ എന്ന് ഉറപ്പാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കു പരിചയമുള്ളവരില്‍ ഒരു ശതമാനം. എന്താണ് ബാക്കി 99 ശതമാനം പേരില്‍നിന്ന് ഈ ഒരു ശതമാനം ആളുകളെ വ്യത്യസ്തമാക്കുന്നത് എന്നറിയാമോ? അവരുടെ സമയത്തിന്റെ ശരിയായ വിനിയോഗം.അവര്‍ക്കും ഒരു ദിവസം നിങ്ങളെപ്പോലെ തന്നെ 24 മണിക്കൂറാണ്. എന്നാല്‍, നിങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉൽപാദനപരമായി ആ സമയം വിനിയോഗിക്കുന്നു എന്നതാണ് അവരെ വ്യത്യസ്തരാക്കുന്നത്. നമ്മളില്‍ പലരും നാം പോലും അറിയാതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്ത് സമയം കളയുന്നവരാണ്. നിങ്ങളെ വ്യത്യസ്തനാക്കി നിര്‍ത്തുന്ന ജീവിതക്രമത്തിന് നിങ്ങള്‍ക്കു വേണ്ടത് ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും പിന്തുടരാവുന്ന ഒരു ആസൂത്രണമാണ്.
നിങ്ങളുടെ ഒരു ദിവസത്തില്‍ എന്തെല്ലാം വേണം
കൃത്യമായ മൂന്നു മുന്‍ഗണനകളോടെ ഓരോ ദിവസവും ആരംഭിക്കുക. ഏറ്റവും കൂടുതല്‍ ഫലം ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്കായി നിങ്ങളുടെ 80 ശതമാനം സമയവും നീക്കി വയ്ക്കുന്ന 80/20 നിയമം കഴിവതും പിന്തുടരുക. തുടര്‍ച്ചയായി 90 മിനിറ്റെങ്കിലും ഒരു ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചശേഷം പിന്നീട് ഒരു 15 മിനിറ്റ് ഇടവേള എന്ന നിലയില്‍ നിങ്ങളുടെ ജോലി സെഷനുകള്‍ ക്രമീകരിക്കുക. രാവിലെയുള്ള മെഡിറ്റേഷനും ജേണലിങ്ങും മാനസികമായ ഒരു വ്യക്തത നിങ്ങള്‍ക്ക് ആ ദിവസത്തെക്കുറിച്ച് ഉണ്ടാക്കും. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യുന്നത് ഊർജത്തിന്റെ തോതും മൂഡും ഉയര്‍ത്തും. സമൂഹ മാധ്യമങ്ങളും ഇ – മെയിലുമൊക്കെ നോക്കാനായി പ്രത്യേകം സമയം നീക്കിവയ്ക്കുക. ആ സമയത്തല്ലാതെ അവ തുറക്കില്ലെന്ന് ഉറപ്പാക്കുക.
ഇങ്ങനെയാകാം പ്രതിവാര പ്ലാനുകള്‍
നിങ്ങളുടെ ഒരു ആഴ്ച ഞായറാഴ്ച രാത്രിയില്‍ ഇരുന്ന് ആസൂത്രണം ചെയ്യണം. സുപ്രധാന കാര്യങ്ങള്‍ക്കായി സമയം ഒതുക്കി വയ്ക്കണം. ഓരോ വെള്ളിയാഴ്ചയും നിങ്ങള്‍ ആസൂത്രണം ചെയ്ത കാര്യങ്ങളില്‍ എന്തൊക്കെ നടന്നു, എന്തൊക്കെ നടന്നില്ല, അതിന്റെ കാരണങ്ങള്‍ എന്നിവ വിശകലനം ചെയ്യണം. വ്യക്തിപരമായി സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ഒന്നു രണ്ട് ലക്ഷ്യങ്ങളെങ്കിലും പ്രതിവാര പ്ലാനില്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ക്ക് സ്വയം റീചാര്‍ജ് ചെയ്യാനായി സെല്‍ഫ് കെയര്‍ സമയവും ആവശ്യമാണ്. എല്ലാ ആഴ്ചയും പുതുതായി എന്തെങ്കിലും പഠിക്കുകയോ പുതിയ നെറ്റ് വര്‍ക്കുകള്‍ ഉണ്ടാക്കുകയോ ചെയ്യുക.
പ്രതിമാസ പ്ലാന്‍
സുപ്രധാനമായ ഒന്നു രണ്ട് ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി വേണം പ്രതിമാസ പ്ലാന്‍ തയാറാക്കാന്‍. അവയെ പ്രതിവാര ടാസ്കുകളായി വിഘടിപ്പിക്കുക. നിങ്ങളുടെ പുരോഗതി ഇടയ്ക്കു വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. നിങ്ങളുടെ സാമ്പത്തികച്ചെലവുകളും ബജറ്റും പ്രതിമാസ പ്ലാനില്‍ ഇടം പിടിക്കണം. ഏതെങ്കിലും ഒരു ചീത്ത ശീലമെങ്കിലും ഓരോ മാസവും ഒഴിവാക്കുക. നിങ്ങളുടെ മനസ്സിന്റെ ഉന്മേഷം വീണ്ടെടുക്കാന്‍ ഏതെങ്കിലും ഒരു പുതിയ അനുഭവത്തിലൂടെയോ സാഹസികതയിലൂടെയോ ഓരോ മാസവും കടന്നു പോകുക.