മാസം 16,000 രൂപ ഫെലോഷിപ്; എസ്ബിഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷിക്കാം

Mail This Article
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമവികസന പ്രവർത്തനത്തിൽ പരിശീലനം നൽകാനുള്ള പദ്ധതിയായ എസ്ബിഐ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന്റെ 2025–26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. https://change.youthforindia.org എന്ന സൈറ്റിൽ വ്യക്തിഗതവിവരങ്ങൾ നൽകി, ഒടിപി വഴി ഇപ്പോൾ റജിസ്റ്റർ ചെയ്യാം.14 വർഷത്തിലേറെയായി നടന്നുവരുന്നതാണ് ഈ പദ്ധതി. ഫെലോഷിപ്പോടെ 13 മാസത്തെ ഫുൾ–ടൈം പരിശീലനമാണുള്ളത്. 13 പ്രമുഖ എൻജിഒകളും പരിശീലനത്തിൽ ഭാഗമാണ്.
സാങ്കേതികവിദ്യ, സ്ത്രീശാക്തീകരണം, സ്വയംഭരണം, സാമൂഹിക സംരംഭകത്വം, പരിസ്ഥിതിസംരക്ഷണം, പരമ്പരാഗത കരകൗശലം, ആരോഗ്യം,ഗ്രാമീണ ഉപജീവനം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ജലം, ഊർജം, അടിസ്ഥാനസൗകര്യ വികസനം എന്നിങ്ങനെ മേഖലകൾ കേന്ദ്രീകരിച്ചാവും പ്രവർത്തനം. അപേക്ഷയ്ക്കൊപ്പം താൽപര്യങ്ങളും ഭാവിലക്ഷ്യങ്ങളും സൂചിപ്പിക്കണം. പ്രാഥമികസിലക്‌ഷനു ശേഷം ഓൺലൈൻ അസസ്മെന്റ്. തുടർന്ന് ഇന്റർവ്യൂ. അടുത്ത ഘട്ടമായി നൽകേണ്ട അപേക്ഷ സ്വീകരിക്കുന്ന തീയതി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.
യോഗ്യത
2025 ഒക്ടോബർ ഒന്നിനു മുൻപ് ബാച്‌ലർ ബിരുദം പൂർത്തിയാക്കണം. പ്രോഗ്രാം തുടങ്ങുമ്പോൾ 21–32 വയസ്സ് ആയിരിക്കണം. ഒസിഐ വിഭാഗക്കാർക്കും അപേക്ഷിക്കാം. സമർപ്പണബുദ്ധിയോടെ ഗ്രാമതല പ്രവർത്തനത്തിലേർപ്പെടാനുള്ള ഇഷ്ടം പ്രധാനമാണ്. തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഇക്കാര്യം വിശേഷമായി പരിഗണിക്കും.അപേക്ഷകരുടെ ലോകവീക്ഷണവും മനോഭാവവും ഫെലോഷിപ്പിനോടുള്ള സമീപനവും വിലയിരുത്തും.
ആനുകൂല്യങ്ങൾ
മാസം 16,000 രൂപ ഫെലോഷിപ്, 3000 രൂപ യാത്രപ്പടിയടക്കമുള്ള ചെലവുകൾക്കും ലഭിക്കും.13 മാസം പൂർത്തിയാക്കുമ്പോൾ 90,000 രൂപ റീ–അഡ്ജസ്റ്റ്മെന്റ് അലവൻസുണ്ട്. ആരോഗ്യ–അപകട ഇൻഷുറൻസും ലഭ്യമാണ്. താമസസൗകര്യം ഏർപ്പാടാക്കാനുൾപ്പെടെ എൻജിഒയുടെ സഹായം, പരിചയസമ്പന്നരുടെ ഉപദേശവും മാർഗദർശനവും, പ്രമുഖസ്ഥാപനങ്ങളുമായുള്ള പരിചയം തുടങ്ങിയവ ഫെലോഷിപ്പിലൂടെ ലഭിക്കുന്ന അവസരങ്ങളാണ്. മികച്ച ജോലിസാധ്യതയുണ്ട്.