വർക്ക് ഫ്രം ഹോം: കെണിയിൽ വീഴരുത് ‘പണി’ കിട്ടും; തട്ടിപ്പ്എങ്ങനെ തിരിച്ചറിയാം?

Mail This Article
കുറച്ചധികം നാളുകളായി ഓൺലൈൻ ഇടങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണ് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പ്. പ്രധാനമായും ഇവരുടെ കെണിയില്‍ വീഴുന്നത് വീട്ടമ്മമാരും കുറഞ്ഞ വിദ്യാഭ്യാസവും തൊഴിൽ പരിചയമില്ലാത്തതുമായ ആളുകളാണ്. പ്രധാനമായും വ്യാജ പരസ്യങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും ആളുകളെ കെണിയിലാക്കി അവരിൽ നിന്നു പണം തട്ടുന്നു. ഉയർന്ന ശമ്പളവും കുറഞ്ഞ യോഗ്യതയുമാണ് പലപ്പോഴും തട്ടിപ്പുകാർ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം. ഇങ്ങനെ ആകർഷിതരാവുന്നവരിൽ നിന്നും സെക്യൂരിറ്റി ഡിപ്പോസിറ്റ്, പ്രോസസിങ് ചാർജ് എന്നൊക്കെ പറഞ്ഞ് മുൻകൂറായി പണം അങ്ങോട്ടേക്കു വാങ്ങുന്നു. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്നും അങ്ങനെയൊരു കമ്പനിപോലും നിലനിൽക്കുന്നില്ലായെന്ന യാഥാർഥ്യവും ആളുകൾ തിരിച്ചറിയാറുള്ളത്.
വർക്ക് ഫ്രം ഹോം
സമൂഹ മാധ്യമങ്ങളിലൂടെയും വാട്സാപ്പിലൂടെയുമാണ് ഇത്തരം തട്ടിപ്പുകൾ പ്രധാനമായും നടക്കുന്നത്. ആളുകൾ മെസേജുകളോട് പ്രതികരിക്കുകയോ ലിങ്കിൽ ക്ലിക് ചെയ്യുകയോ ചെയ്ത് മുന്നോട്ടു പോകുമ്പോൾ നമ്മുടെ വിവരങ്ങളെല്ലാം തട്ടിപ്പുകാർക്കു ലഭിക്കുന്നു. ഡേറ്റാ എൻട്രി, റിവ്യൂ മാനേജ്മെന്റ് പോലെയുള്ള ജോലികൾ വാഗ്ദാനം ചെയ്താണു തട്ടിപ്പ്.
മൾട്ടി ലെവൽ മാർക്കറ്റിങ്ങും വിദേശാവസരങ്ങളും
കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിങ്ങും അറിയാവുന്ന അഭ്യസ്തവിദ്യരെ തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നതും ഇപ്പോൾ പതിവാണ്. സൈബർ തട്ടിപ്പുകൾക്കുള്ള ടെലിമാർക്കറ്റിങ് കോൾ വിളിക്കാൻ, എസ്എംഎസ് അയയ്ക്കാൻ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ ന്യൂ ജനറേഷൻ തട്ടിപ്പുകൾക്കാണ് ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകൾ അറിയാവുന്നവരെ റിക്രൂട്ട് ചെയ്യുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയെന്നു പറഞ്ഞാണ് ഇവരെ കമ്പോഡിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. മലയാളികളടക്കം ഒട്ടേറെ പേർ കമ്പോഡിയയിലൊക്കെ പോയി തട്ടിപ്പിൽപെട്ട് അവിടെ കുടുങ്ങുകയും കേസിൽ പ്രതിയാകുകയും ചെയ്യുന്നുണ്ട്. മൾട്ടി ലെവൽ മാർക്കറ്റിങ് അല്ലെങ്കിൽ മണിചെയിൻ തട്ടിപ്പുകൾ ഓൺലൈൻ ഇടങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്. ട്രേഡിങ് ആപ്പുകളിൽ ആളുകളെ ചേർത്തു കൊടുത്താൽ വൻ കമ്മിഷൻ കിട്ടുമെന്ന പരസ്യങ്ങൾ കണ്ടാണ് പലരും തട്ടിപ്പിൽ വീഴുന്നത്.
കരാറിൽ കുടുക്കാം
ജോലിയുമായി ബന്ധപ്പെട്ട കരാറിൽ കുടുക്കുന്നതാണ് മറ്റൊരു കെണി. ജോലിക്കു കയറുന്നതിനു മുൻപ് അവർ ഒരു കരാറിൽ ഒപ്പിടാൻ ഉദ്യോഗാർഥികളോട് നിർദേശിക്കുന്നു. ഈ കരാറിൽ പണം തട്ടുന്നതിനുള്ള പലവിധ മാനദണ്ഡങ്ങളുണ്ടാകാം. പലപ്പോഴും വക്കീൽ നോട്ടീസ് അയച്ചും ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. ജോലിയിൽ പ്രവേശിക്കുന്നതിനായി നോട്ടറി അറ്റസ്റ്റ് ചെയ്തു തന്ന എഗ്രിമെന്റാണെന്നു പറഞ്ഞ് എന്തെങ്കിലും രേഖ ഓൺലൈൻ വഴി അയച്ചു തന്ന് ഒപ്പിടാൻ പറയുകയാണെങ്കിൽ അതൊരു കെണിയാണ് എന്നു മനസ്സിലാക്കുക.
തട്ടിപ്പ്എങ്ങനെ തിരിച്ചറിയാം?
ജോലിക്കായി പണം അങ്ങോട്ടു ചോദിക്കുന്നുണ്ടെങ്കിൽ അത് തട്ടിപ്പായിരിക്കും. ബഹുരാഷ്ട്ര കമ്പനികൾ ഒരിക്കലും മുൻകൂറായി പേയ്മെന്റ് ചോദിക്കില്ല. പണം ചോദിക്കുന്ന സാഹചര്യം വന്നാൽ ഉടൻ തന്നെ അതിൽ നിന്ന് ഒഴിവായി കമ്പനിയുമായി നേരിട്ടു ബന്ധപ്പെട്ടാൽ വസ്തുത തിരിച്ചറിയാം. നമ്മൾ അപേക്ഷിക്കാതെ, ജോലിക്കായി തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ് ഒരു കമ്പനിയുടെ പേരിൽ മെസേജ് വന്നിട്ടുണ്ടെങ്കിൽ, അതു തട്ടിപ്പാണ്. കൂടിയ ശമ്പളം, കുറഞ്ഞ യോഗ്യത എന്നു പറയുന്നതിലും ജാഗ്രത വേണം. യഥാർഥ കമ്പനികൾ പൊതുവേ സമൂഹമാധ്യമങ്ങൾ വഴിയായിരിക്കില്ല ജോലി വാഗ്ദാനം നൽകുക. മറിച്ച് അവരുടെ വെബ്സൈറ്റുകൾ വഴിയും റജിസ്റ്റേർഡ് പ്ലാറ്റ്ഫോമുകൾ വഴിയും മാത്രമായിരിക്കും. കമ്പനികളുടെ അതേ തരത്തിലുള്ള വ്യാജ വെബ്സൈറ്റുകൾ (ഫിഷിങ്) വഴിയും തട്ടിപ്പു നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി വ്യാജ ജോലി വാഗ്ദാനം നൽകുകയും അതിൽ പറയുന്ന ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ ഫിഷിങ് വെബ്സൈറ്റുകളിലേക്കു നമ്മൾ എത്തിപ്പെടുകയും ചെയ്യും. അവിടെയും നമ്മള്‍ പ്രതീക്ഷിക്കാത്ത അത്രയും ശമ്പളം, പണം അങ്ങോട്ട് ചോദിക്കൽ തുടങ്ങിയവ കാണുകയാണെങ്കിൽ അപകടം തിരിച്ചറിയാം.
നേരിട്ടു സ്ഥരീകരിക്കുക
വ്യക്തഗത വിവരങ്ങൾ, ആധാർ പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ ഇത്തരം ജോലി വാഗ്ദാനം ചെയ്യുന്നവർക്ക് അയയ്ക്കുന്നതിന് മുൻപ് തട്ടിപ്പ് ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തണം. കാരണം, ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. തട്ടിപ്പ് കണ്ടെത്താനുള്ള ഏറ്റവും ലളിതമായ മാർഗമെന്നത് ഇതേക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്യുക എന്നതാണ്. ലഭിച്ചിരിക്കുന്ന ജോലിവാഗ്ദാനത്തിന്റെ പകർപ്പ്, മെയിലിലെ വിവരങ്ങൾ എന്നിവയെടുത്ത് ഫ്രോഡ് എന്നൊക്കെ ചേർത്ത് സെർച്ച് െചയ്താൽ ഇത്തരം തട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നു ഒരു പരിധി വരെ കണ്ടെത്താൻ കഴിയും.
എന്താണ് നിയമ നടപടി?
ഓൺലൈൻ വഞ്ചനയെന്നത് ഐടി നിയമപ്രകാരവും അതുപോലെ ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) പ്രകാരവും കുറ്റകരമാണ്. യഥാർഥ കമ്പനിയെന്ന വ്യാജേനയാണ് തട്ടിപ്പുകാർ നമ്മളെ കബളിപ്പിക്കുന്നത്. അതിനാൽ ഇതൊരു ആൾമാറാട്ട കുറ്റം കൂടിയാണ്. തട്ടിപ്പുകാരിൽ നിന്നു ലഭിച്ച ഇമെയിൽ അല്ലെങ്കിൽ വാട്സാപ്പ് ആശയവിനിമയങ്ങൾ, എസ്എംഎസ് മുഖേനയോ വാട്സാപ് മുഖേനയോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ഉപയോഗിച്ച മൊബൈൽ നമ്പർ എന്നിവ വ്യക്തമാവുന്ന തരത്തിൽ സ്ക്രീൻ ഷോട്ട് എടുത്തു വയ്ക്കണം. ഇവ സഹിതമാണ് പരാതി നൽകേണ്ടത്. പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ 1930 ല്‍ ഉടൻ തന്നെ വിളിച്ച് പരാതിപ്പെടണം. cybercrime.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴിയും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നേരിട്ടു പോയും പരാതി റജിസ്റ്റർ ചെയ്യാം.
വിവരങ്ങൾ : ഇ. എസ്. ബിജുമോൻ, സൂപ്രണ്ട് ഓഫ് പൊലീസ്, വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ, (സൈബർ ക്രൈം ആൻഡ് ഫൊറൻസിക് ഇൻവസ്റ്റിഗേറ്റർ)