ഹരിപ്രസാദ് ആരാ മോൻ? സിനിമ പോലെയല്ല ഇന്റർവ്യൂ; ചില ശീലങ്ങൾ വിനയാകും

Mail This Article
ഒരിക്കലെങ്കിലും ജോലിക്കായി ഇന്റർവ്യൂവിനു പോയിട്ടുള്ളവരും ഇന്റർവ്യൂ നടത്തിയിട്ടുള്ളവരുമായിരിക്കും ഇൗ വരികൾ വായിക്കുന്നത്. സിനിമയിലെ ഇന്റർവ്യൂ രംഗങ്ങൾക്ക് ജീവിതവുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ പലതാവും ഉത്തരം. വിജി തമ്പി സംവിധാനം ചെയ്ത ‘സിംഹവാലൻ മേനോൻ’ സിനിമയിലെ ഇന്റർവ്യൂ രംഗം ഒാർമയില്ലേ? ഇംഗ്ലിഷ് വാക്കുകളില്ലാതെ മലയാളത്തിൽ മാത്രം സംസാരിക്കുന്ന ഹരിപ്രസാദിനു ജോലി നൽകുന്ന അതിലെ ഗോകുലത്ത് ഗംഗാധരൻ ഗൗരിദാസൻ മേനോൻ ഇന്ന് ഒാഫിസുകളിൽ കാണില്ലായിരിക്കാം.
ഇരുപത്തിയഞ്ചു വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൽ കാണിക്കുന്ന ഇന്റർവ്യൂ രംഗം യഥാർഥ ജീവിതത്തിൽ കാണുമോ എന്ന കാര്യത്തിൽ സംശയമാണ്. കാലത്തിനൊത്ത് ഇന്റർവ്യൂ രീതികളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും നേരിട്ടുള്ള അഭിമുഖത്തിനും ഇപ്പോഴും പ്രസക്തിയുണ്ട്. ഇന്റർവ്യൂ എന്നു കേൾക്കുമ്പോൾ ശരാശരി ഉദ്യോഗാർഥികൾക്ക് ഭയമാണ്. ആശങ്കയും സമ്മർദ്ദവും കൂടുമ്പോൾ, ആദ്യമായി കാണുന്നവരോടു പോലും ധാരാളം സംസാരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഇത് ഏറ്റവും കൂടുതൽ വിനയാകുന്നത് അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ്. അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നമ്മുടെ ചില ശീലങ്ങൾ തന്നെ വിനയാകും. അഭിമുഖത്തിനായി കാത്തിരിക്കുമ്പോൾ അഞ്ച് പ്രധാന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം.
1. ഒപ്പമുള്ളരോട് അമിത സംസാരം വേണ്ട
അഭിമുഖം നടക്കുന്ന സ്ഥലത്ത് അല്ലെങ്കിൽ സ്ഥാപനത്തിൽ എത്തിയാൽ അഭിമുഖം നടക്കുന്ന മുറിയിലേക്കു ക്ഷണം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും. ആ സമയത്ത് ചിലർ ടെൻഷൻ മറക്കാൻ ഒപ്പമുള്ള ഉദ്യോഗാർഥികളോട് വാതോരാതെ സംസാരിക്കും. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ഒപ്പമുള്ള ഉദ്യോഗാർഥികളോട് ഒരുപാട് സംസാരിക്കാതിരിക്കുന്നതാണ് ആ അവസരത്തിൽ ഉചിതം. കാരണം ആ സംഭാഷണം വഴിതെറ്റി മറ്റു കാര്യങ്ങളിലേക്കു പോകാം. ചിലപ്പോൾ ചില ഉദ്യോഗാർഥികൾ അവരുടെ അറിവും മേധാവിത്വവുമൊക്കെ കാണിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ അവരുടെ സംസാരം കേട്ടു കഴിയുമ്പോൾ നമ്മുടെ ആത്മവിശ്വാസം ചോർന്നു പോയേക്കാം.
2. വേണം നിരീക്ഷണ പാടവം
മറ്റുള്ളവരോട്ു വെറുതെ സംസാരിച്ച് കുഴപ്പത്തിൽപ്പെടുന്നതിനു പകരം ആ സ്ഥാപനത്തെപ്പറ്റി നിരീക്ഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. അവിടെയുള്ള നോട്ടിസ് ബോർഡിലോ ചുവരിലോ പതിപ്പിച്ച പോസ്റ്ററുകളിലൂടെ കണ്ണോടിച്ച് സ്ഥാപനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചുമൊക്കെ മനസ്സിലാക്കാൻ ശ്രമിക്കാം. ‘ഞങ്ങളുടെ സ്ഥാപനത്തെപ്പറ്റി എന്തറിയാം?’ എന്ന് അഭിമുഖത്തിൽ ചോദ്യം വരുമ്പോൾ, നിരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാം.
3. വാച്ചിൽ നോക്കി വെറുപ്പിക്കല്ലേ
അഭിമുഖം നടക്കുന്ന മുറിയിലേക്ക് പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കുന്നതും മൊബൈൽ ഫോൺ നോക്കുന്നതും ചിലരുടെ ശീലമാണ്. അത്തരം കാര്യങ്ങൾ പാടെ ഒഴിവാക്കണം. ഉദ്യോഗാർഥികൾ അശ്രദ്ധമായി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ സ്ഥാപനത്തിലെ മറ്റുള്ളവർ ശ്രദ്ധിക്കാനിടയുണ്ട്. ഇടതടവില്ലാതെ വാച്ചിൽ നോക്കുന്ന നിങ്ങൾ അക്ഷമയുള്ളവരായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
4. പേരുവിളിക്കുമ്പോൾ വെപ്രാളം വേണ്ട
അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചാലുടൻ വെപ്രാളമോ ധൃതിയോ കാട്ടരുത്. നിങ്ങളുടെ പേരു വിളിക്കുമ്പോൾ സാവധാനം എഴുന്നേറ്റ് അഭിമുഖം നടക്കുന്ന മുറിയുടെ വാതിലിൽ മുട്ടി അനുവാദം വാങ്ങിയ ശേഷം വേണം ഉള്ളിലേക്കു പ്രവേശിക്കാൻ. ധൃതിപ്പെട്ട് കയറാൻ ശ്രമിക്കുമ്പോൾ സമ്മർദം കൂടി എന്തെങ്കിലുമൊക്കെ അബദ്ധം സംഭവിക്കാനുള്ള സാധ്യതയേറെയാണ്.
5. വാതിൽ വലിച്ചടയ്ക്കരുത്
മുറിക്കുള്ളിൽ പ്രവേശിച്ചാൽ വാതിൽ അടയ്ക്കാൻ ശ്രദ്ധിക്കണം. വലിയ ശബ്ദത്തോടെ വലിച്ചടയ്ക്കാതെ സാവധാനം അടയ്ക്കണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് രണ്ടു ഗുണമുണ്ട്. വാതിലടയ്ക്കുന്ന സമയത്ത് നല്ലതുപോലെ ബ്രീത്ത് ചെയ്ത് റിലാക്സ് ചെയ്യാൻ അവസരം ലഭിക്കും. വാതിലിലും കസേരയിലും തട്ടി സർട്ടിഫിക്കറ്റുകൾ താഴെ വീഴാതെ ശ്രദ്ധിച്ച് മുറിയിലേക്കു കടക്കാനും വളരെ സ്വസ്ഥമായി, ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ പാനലിനു മുന്നിലേക്ക് കടന്നു ചെല്ലാനും കഴിയും. ഇരിക്കാനുള്ള അനുവാദം ലഭിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ, അനുവദിച്ച ഇരിപ്പിടത്തിൽ ഇരുന്നതിനു ശേഷം ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയാറെടുക്കാം.
പ്രിയ വായനക്കാരേ, നിങ്ങൾക്കുമുണ്ടാകില്ലേ ജീവിതത്തിലും കരിയറിലും വഴികാട്ടിയായ മെന്റർ? നിങ്ങൾക്കും അനുഭവക്കുറിപ്പുകൾ പങ്കുവയ്ക്കാം. നിങ്ങളുടെ ഫോട്ടോ, മെന്ററിന്റെ ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം customersupport@mm.co.in എന്ന ഇ – മെയിലേക്ക് അയയ്ക്കുക. ഇ– മെയിലിന്റെ സബജക്ട് ലൈനിൽ Manorama Online My Mentor Series എന്ന് എഴുതാൻ മറക്കരുത്. തിരഞ്ഞെടുത്ത അനുഭവക്കുറിപ്പുകൾ പ്രസദ്ധീകരിക്കും.